സി.ഒ.ടി നസീർ വധശ്രമ കേസിലെ മുഖ്യപ്രതികൾ തലശേരി കോടതിയിൽ കീഴടങ്ങി. കൊളശേരി സ്വദേശികളായ ജിത്തു എന്ന ജിതേഷ്, ബ്രിട്ടോ എന്ന ബിപിൻ എന്നിവരാണ് തലശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.
സി.പി.എം പ്രവർത്തകരും നിരവധി കേസിൽ പ്രതികളുമായ ബിപിൻ, ജിത്തു എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിരുന്നു ഇതിനിടയിലാണ് പ്രതികൾ കോടതിയിൽ കീഴടങ്ങിയത്.
നസീറിനെ അക്രമിച്ചതിൽ ജിതേഷിനും, ബിപിൻ എന്ന ബ്രിട്ടോയ്ക്കും പങ്കുണ്ടെന്ന് നേരത്തെ പിടിയിലായ അശ്വന്ത് നൽകിയ കുറ്റസമ്മത മൊഴിയിൽ പറഞ്ഞിരുന്നു. കേസിൽ സി.പി.എം തലശേരി ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ സഹായിയുമായിരുന്ന രാജേഷിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി.
ഗൂഢാലോചനയുടെ സൂത്രധാരനായി കരുതിയ പൊട്ടി സന്തോഷിന് പിറകില്‍ രാജേഷായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. രാജേഷിനെ ഒപ്പമിരുത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതി പൊട്ടി സന്തോഷ് കുറ്റസമ്മതമൊഴി നടത്തിയത്. നസീറിനെ കൈകാര്യം ചെയ്യാന്‍ രാജേഷ് പറഞ്ഞതനുസരിച്ച് ആളുകളെ ഏല്‍പിച്ചത് താനാണെന്ന് സന്തോഷ് പൊലിസിനോട് പറഞ്ഞു.
രാജേഷ് വാഹനത്തിലിരുന്ന് സന്തോഷുമായി സംസാരിച്ചതിന്‍റെയും കേസന്വേഷണത്തില്‍ ഇടപെടാന്‍ ശ്രമിച്ചതിന്‍റെയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന്‍റെയും തെളിവുകളും പോലീസിന്‍റെ കൈവശമുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ.യാണെന്നാണ് നസീറിന്‍റെ ആരോപണം. ഷംസീറും രാജേഷും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം എത്രയാണെന്ന് എല്ലാവർക്കും അറിയാമെന്നും നസീർ പറഞ്ഞിരുന്നു.