
ന്യൂയോര്‍ക്ക്: ലഹരിമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തി അമേരിക്ക അറസ്റ്റ് ചെയ്ത വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരായി. താന്‍ നിരപരാധിയാണെന്നും ഇപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നും അദ്ദേഹം കോടതിയില്‍ വാദിച്ചു.
നാര്‍ക്കോ ഭീകരവാദം, കൊക്കെയ്ന്‍ കടത്താനുള്ള ഗൂഢാലോചന, മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങി നാല് പ്രധാന കുറ്റങ്ങളാണ് മഡൂറോയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ താന്‍ മാന്യനായ വ്യക്തിയാണെന്നും കുറ്റകൃത്യങ്ങളൊന്നും ചെയ്തിട്ടില്ലെന്നും മഡൂറോ പരിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. തടവുകാരുടെ വേഷത്തിലാണ് മഡൂറോയെയും ഭാര്യ സീലിയ ഫ്‌ലോറെസിനെയും കോടതിയില്‍ ഹാജരാക്കിയത്. സ്പാനിഷ് ഭാഷയിലായിരുന്നു മഡൂറോ സംസാരിച്ചത്. കേസ് വീണ്ടും മാര്‍ച്ച് 17-ന് പരിഗണിക്കും.
മെക്‌സിക്കോയിലെയും കൊളംബിയയിലെയും കൊടും കുറ്റവാളികളായ ലഹരി മാഫിയാ സംഘങ്ങളുമായി ചേര്‍ന്ന് മഡൂറോ കൊക്കെയ്ന്‍ കടത്തിന് കൂട്ടുനിന്നുവെന്നാണ് അമേരിക്കയുടെ കണ്ടുപിടുത്തം. മഡൂറോയുടെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേറ്റു. മഡൂറോയ്ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചാണ് ഡെല്‍സി അധികാരം ഏറ്റെടുത്തിരിക്കുന്നത്. കോടതി നടപടികള്‍ നടക്കുമ്പോള്‍ പുറത്ത് മഡൂറോയെ അനുകൂലിച്ചും പ്രതികൂലിച്ചും മുദ്രാവാക്യങ്ങളുമായി നിരവധിപ്പേര്‍ തടിച്ചുകൂടിയിരുന്നു.