സെക്രട്ടറിയേറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി

Jaihind Webdesk
Tuesday, February 19, 2019

സെക്രട്ടറിയേറ്റിന് മുന്നിൽ എംപാനൽ ജീവനക്കാരിയുടെ ആത്മഹത്യാ ഭീഷണി. സമരപന്തൽ പൊളിച്ചതിനാണ് പ്രതിഷേധം. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ മരത്തിന് മുകളിൽ കയറിയ യുവതിയെ രക്ഷപ്പെടുത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ കനത്ത പ്രതിഷേധം.

സെക്രട്ടേറിയറ്റിന് മുന്നിലെ മരത്തില്‍ കയറി കഴുത്തിന് കുരുക്കിട്ടാണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്. വിവരം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മരത്തിന് മുകളിലെത്തി ഏറെ പണിപ്പെട്ട് യുവതിയെ താഴെ ഇറക്കി.

ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ നഗരസഭ പൊളിച്ചുനീക്കിയത്. പൊലീസ് സഹായത്തോടെ ഇന്നലെ രാത്രി 11.30 നാണ് പൊളിച്ചുനീക്കല്‍ ആരംഭിച്ചത്. ജില്ലാ ഭരണകൂടത്തിൻറെ നിർദേശപ്രകാരമായിരുന്നു പൊലീസ് നടപടി. സമരപ്പന്തലുകൾ പൊളിക്കാനെത്തിയ പോലീസിനെ സമരക്കാർ ചെറുത്തതോടെ അർധരാത്രി സെക്രട്ടേറിയറ്റ് പരിസരത്ത് വാക്കുതർക്കവും പ്രതിഷേധവുമായി.

ആറ്റുകാൽ പൊങ്കാലയ്ക്ക് മുന്നോടിയായിട്ടാണ് നടപടിയെന്ന് വിശദീകരിക്കുന്ന മേയർ വി കെ പ്രശാന്ത് ഇനി സെക്രട്ടേറിയറ്റിന് മുന്നിൽ പന്തൽ കെട്ടി സമരം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് പൊലീസ് സ്ഥലത്ത് എത്തി സമരപ്പന്തലുകൾ പൊളിച്ചത്.