ബഹ്റൈന്‍റെ പ്രഥമ ഗോൾഡൻ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യുസുഫലിക്ക്; വിസ നമ്പർ 001

Elvis Chummar
Sunday, February 13, 2022

ബഹ്‌റൈൻ പ്രഖ്യാപിച്ച 10 വർഷത്തെ ഗോൾഡൻ വിസ നേടുന്ന ആദ്യ വ്യക്തിയായി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസുഫലി. ഞായറാഴ്ച മനാമ ഗുദൈബിയ പാലസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ആദ്യ ഗോൾഡൻ വിസ 001 നമ്പറിൽ എംഎ യുസുഫലിക്ക് നൽകാൻ തീരുമാനിച്ചത്.

ഈ ബഹുമതി ലഭിച്ചത് തന്‍റെ ജീവിതത്തിൽ വളരെ അഭിമാനകരവും എളിമയുള്ളതുമായ നിമിഷമാണെന്നും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈൻ സർക്കാരിനും ആത്മാർത്ഥമായി നന്ദി പറയുന്നതായും ഗോൾഡൻ വിസ നമ്പർ 001 ലഭിച്ച ശേഷം യൂസുഫലി പറഞ്ഞു.

ഗോൾഡൻ വിസ പ്രഖ്യാപിച്ച ഭരണാധികാരികളുടെ തീരുമാനം ഈ മേഖലയിലെ പ്രധാന നിക്ഷേപ-വ്യാപാര കേന്ദ്രങ്ങളിലൊന്നായി ബഹ്‌റൈന്‍റെ പ്രതിച്ഛായ വർധിപ്പിക്കുമെന്നും പുതിയ നിക്ഷേപകരെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുമെന്നത്തിൽ സംശയമില്ലെന്നും യൂസുഫലി കൂട്ടിച്ചേർത്തു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ എന്നിവരുമായും യൂസുഫലി മനാമയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

നിക്ഷേപ വർധനയ്ക്കൊപ്പം ആഗോള പ്രതിഭകളെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗോൾഡൻ റെസിഡൻസി വിസ നൽകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചത്. വിഷൻ 2030ന് അനുസൃതമായി ഈ വിസയുടെ സമാരംഭം എല്ലാ തലങ്ങളിലും കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രഖ്യാപന വേളയിൽ അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.