കണ്ണൂർ : ഗ്രാമവീഥികളെ ത്രിവർണത്തിൽ ചാലിച്ച് കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ സതീശൻ പാച്ചേനി നയിക്കുന്ന സഹനസമര പദയാത്ര കണ്ണൂരിൽ പ്രയാണം തുടരുന്നു. പദയാത്ര അഞ്ച് ദിവസം പിന്നിട്ടപ്പോൾ നൂറുകണക്കിനാളുകളാണ് പദയാത്രയിൽ പങ്കാളികളായിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയുമാണ് സഹന സമര പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ജാഥയുടെ പര്യടനം അഞ്ച് ദിനം പൂർത്തിയാക്കിയപ്പോൾ സി.പി.എം പാർട്ടി ഗ്രാമങ്ങളിലടക്കം ആവേശകരമായ സ്വീകരണമാണ് ജാഥാ നായകൻ സതീശൻ പാച്ചേനിക്ക് ലഭിക്കുന്നത്. ബാൻഡ് വാദ്യത്തിന്റെ അകമ്പടിയോടെ പ്രയാണം നടത്തുന്ന പദയാത്രയ്ക്ക് കടന്നു പോയ പ്രദേശങ്ങളിൽ കുട്ടികളുടെയും വീട്ടമ്മമാരുടേയും ഹാരാർപ്പണങ്ങളും ആശീർവാദങ്ങളും ഏറ്റുവാങ്ങി. തളിപ്പറമ്പ ബ്ലോക്കിലാണ് അഞ്ചാം ദിനത്തിൽ പദയാത്ര പര്യടനം നടത്തിയത്. യു.ഡി.എഫ് ഘടകകക്ഷികളുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ആവേശകരമായ മുദ്രാവാക്യം വിളികൾ ജാഥാ അംഗങ്ങൾക്ക് കൂടുതൽ ആവേശകരമായി.
സഹനസമര പദയാത്രയുടെ അഞ്ചാം ദിവസത്തെ പര്യടന പരിപാടി ചപ്പാരപ്പടവ് പഞ്ചായത്തിലെ തെറ്റുന്ന റോഡ് പ്രദേശത്ത് നിന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലകളിൽ പ്രതിഭകളായവരെ ഉദ്ഘാടന ചടങ്ങിൽ വെച്ചും വിവിധ സ്വീകരണ കേന്ദ്രങ്ങളിലും ഉപഹാരം നല്കി ആദരിച്ചു.
പൂവ്വം,ചെനയന്നൂർ, സെയ്ദ് നഗർ, മന്ന, ചൊറുക്കള തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കുറുമാത്തൂർ പഞ്ചായത്തിലെ പൊക്കുണ്ടിൽ അഞ്ചാം ദിനത്തിലെ പര്യടനം സമാപിച്ചു. സമാപന സമ്മേളനം പൊക്കുണ്ടിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഈ മാസം 24 ന് സഹന സമരയാത്ര കണ്ണൂരിൽ സമാപിക്കും.