ലോകായുക്ത ഭേദ​ഗതി; സർക്കാർ ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും

 

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓർഡിനൻസിൽ സർക്കാർ  ഇന്ന് ഗവർണർക്ക് വിശദീകരണം നൽകും. സർക്കാറിന്‍റെ വിശദീകരണത്തിൽ ഗവർണറുടെ തുടർനിലപാടാണ് പ്രധാനമാകുന്നത്. യുഡിഎഫിന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഗവർണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

ഓർഡിനൻസ് ഭരണഘടന വിരുദ്ധമാണോ, രാഷ്ട്രപതിയുടെ അനുമതി ആവശ്യമുണ്ടോ തുടങ്ങിയ കാര്യങ്ങളില്‍ വിശദീകരണം വേണമെന്നാണ് ​ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകായുക്തയെ പേരിന് വേണ്ടി മാത്രമാക്കുന്ന രീതിയില്‍ നിയമ നിർമാണം നടത്താനാണ് സർക്കാർ നീക്കം. ലോകയുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ലോകായുക്ത ജഡ്ജിയുടെ യോഗ്യതയും ഇളവ് ചെയ്യും. സുപ്രീം കോടതിയിൽ ജഡ്ജി ആയിരുന്ന വ്യക്തിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തിയോ ആണ് ലോകായുക്ത ആയിരുന്നത്. ഈ പദവി ഇളവ് ചെയ്തു. പുതിയ ഭേദഗതി പ്രകാരം ഹൈക്കോടതി ജഡ്ജിയായിരുന്ന വ്യക്തിക്ക് ലോകായുക്തയാകാം. ഹൈക്കോടതിയിലെ നിലവിലുള്ള ജഡ്ജിക്ക് ഉപലോകായുക്തയാകാമെന്ന വ്യവസ്ഥയും മാറ്റി.

മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസമന്ത്രിക്കും എതിരായ  കേസുകളില്‍ ഫെബ്രുവരി ആദ്യം ലോകായുക്ത വിധി പറയാനിരിക്കെയാണ്  സര്‍ക്കാര്‍ നീക്കമെന്നതാണ് ശ്രദ്ധേയം. നിയമസഭ ചേരുമ്പോള്‍ ബില്ലായി ഇക്കാര്യം കൊണ്ടുവരാമെന്നിരിക്കെ തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സുമായി മുന്നോട്ടുപോകുന്ന സര്‍ക്കാരിന്‍റെ നീക്കത്തിന് പിന്നിലെ ദുരുദ്ദേശമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.

Comments (0)
Add Comment