ലോക്സഭാ തെരഞ്ഞെടുപ്പ്; സംസ്ഥാനത്ത് പത്രികാ സമര്‍പ്പണം ഇന്നു മുതൽ

Jaihind Webdesk
Thursday, March 28, 2019

Nomination

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുളള നാമനിർദ്ദേശ പത്രിക ഇന്നു മുതൽ ഏപ്രിൽ 4 വരെ സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. നാമനിർദ്ദേശ പത്രികകൾ ജില്ലാ വരണാധികാരിക്കോ അദ്ദേഹത്തിന്‍റെ അഭാവത്തിൽ പ്രത്യേക ചുമതല നൽകിയിട്ടുള്ള അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർക്കോ സമർപ്പിക്കാം. ഒരു സ്ഥാനാർത്ഥിക്ക് നാലുസെറ്റ് പത്രികകൾ വരെ നൽകാം.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ എത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ മൂന്ന് വാഹനങ്ങൾക്ക് മാത്രമാണ് കളക്ടറേറ്റ് കോമ്പൗണ്ടിൽ പ്രവേശനം അനുവദിക്കുക. പത്രികാസമർപ്പണ വേളയിൽ സ്ഥാനാർത്ഥി ഉൾപ്പെടെ അഞ്ചുപേർ മാത്രമെ വരണാധികാരിയുടെ ഓഫീസിൽ പ്രവേശിക്കാവൂ. സ്ഥാനാർത്ഥികൾ പ്രധാന കവാടത്തിലൂടെ വേണം സിവിൽ സ്റ്റേഷനിൽ പ്രവേശിക്കാൻ. സ്ഥാനാർത്ഥികൾ ക്രിമിനൽ കേസുകൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവ സംബന്ധിച്ച് സത്യവാങ്മൂലം രേഖപ്പെടുത്തി നാമനിർദ്ദേശ പത്രികയോടൊപ്പം നൽകണം. പത്രികകളുടെ സൂക്ഷ്മ പരിശോധന ഏപ്രിൽ അഞ്ചിനും പിൻവലിക്കാനുള്ള തീയതി ഏപ്രിൽ എട്ടുമാണ്.

എഴുപത് ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ സ്ഥാനാർത്ഥികൾക്കും ചെലവഴിക്കാവുന്ന തുക. നാമനിർദ്ദേശ പത്രികയോടൊപ്പം ജനറൽ വിഭാഗത്തിന് 25,000 രൂപയും പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിന് 12,500 രൂപയുമാണ് സ്ഥാനാർത്ഥികൾ കെട്ടിവെക്കേണ്ട തുക. ജില്ലയിലെ പൊതുസ്ഥലങ്ങളിലെ മുഴുവൻ ഫ്‌ളക്‌സുകളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ സഹകരണം ഉണ്ടാകണമെന്നും സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളുടെ അനുമതി രേഖകൾ സ്ക്വാഡ് ആവശ്യപ്പെടുന്നതനുസരിച്ച് നൽകണമെന്നും തെരഞ്ഞെടുപ്പിൽ പൂർണമായും ഹരിത പെരുമാറ്റചട്ടം പാലിക്കണമെന്നും ജില്ലാവരണാധികാരി നിര്‍ദേശം നല്‍കിയിട്ടുണ്ട്.