ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളമടക്കം 8 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു സമിതികൾക്ക് കോൺഗ്രസ് രൂപം നൽകി. രാജസ്ഥാൻ, തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽപ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, ത്രിപുര എന്നിവയാണു മറ്റു സംസ്ഥാനങ്ങൾ. കേരളത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ചെയർമാനായ സമിതിയിൽ 33 അംഗങ്ങളാണുള്ളത്.
രാജസ്ഥാൻ, ഛത്തീസ്ഗഡ്, കേരളം, തെലങ്കാന, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പൂർ, ത്രിപുര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റികളെയാണ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. കേരളത്തിൽ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എം പി അധ്യക്ഷനായ സമിതിയിൽ മൊത്തം 33 അംഗങ്ങളും നാല് എക്സ് ഒഫീഷ്യോ അംഗങ്ങളുമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി, കോൺഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുതിർന്ന നേതാക്കളായ വയലാർ രവി, രമേശ് ചെന്നിത്തല, മുൻ കെപിസിസി അധ്യക്ഷൻമാരായ മുല്ലപ്പള്ളി രാമചന്ദ്രൻ, വി.എം. സുധീരൻ തുടങ്ങിയവർ സമിതിയിലെ അംഗങ്ങളാണ്.
ഇവർക്ക് പുറമേ കൊടിക്കുന്നിൽ സുരേഷ്, കെ മുരളീധരൻ, എം.എം. ഹസൻ, ബെന്നി ബഹനാൻ, പി.ജെ. കുര്യൻ, പി.പി. തങ്കച്ചൻ, ശശി തരൂർ, എം.കെ. രാഘവൻ, അടൂർ പ്രകാശ്, ടി.എൻ. പ്രതാപൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, വി.എസ്. ശിവകുമാർ, എ.പി. അനിൽകുമാർ, ജോസഫ് വാഴക്കൻ, പി.സി. വിഷ്ണുനാഥ്, ഷാനിമോൾ ഉസ്മാൻ, പന്തളം സുധാകരൻ, രമ്യ ഹരിദാസ്, ലാലി വിൻസന്റ്, വി.ടി. ബൽറാം, റോജി എം. ജോൺ, ടി. സിദ്ദിഖ്, പി.കെ. ജയലക്ഷ്മി, വിദ്യ ബാലകൃഷ്ണൻ തുടങ്ങിയവരാണ് മറ്റു സമിതി അംഗങ്ങൾ. യൂത്ത് കോൺഗ്രസ്, കെഎസ്യു, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും സംസ്ഥാന സേവാദളിന്റെ മുഖ്യ സംഘാടകനും സമിതിയിലെ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്.