കൊവിഡ് വ്യാപനം രൂക്ഷം : തിരുവനന്തപുരത്ത് ലോക്ക്ഡൗൺ 28 വരെ നീട്ടി

Jaihind News Bureau
Sunday, July 19, 2020

 

തിരുവനന്തപുരം : കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം കോർപറേഷന്‍ പരിധിയില്‍ ലോക്ക്ഡൗൺ ജൂലൈ 28 അര്‍ധരാത്രി വരെ നീട്ടിയതായി ജില്ലാ കളക്ടർ നവജോത് ഖോസ അറിയിച്ചു. തീരപ്രദേശങ്ങളില്‍ നിലവിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്ക് പുറമെയുള്ള വാർഡുകളിലായിരിക്കും ലോക്ക്ഡൗൺ ബാധകമാവുക.

30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി അക്കൗണ്ട് ജനറൽ ഓഫീസ് പ്രവർത്തിക്കാൻ അനുമതിയുണ്ട്. കിൻഫ്ര പാർക്കിനുള്ളിൽ നടക്കുന്ന മെഡിക്കൽ അനുബന്ധ പ്രവർത്തനങ്ങൾക്ക് മുടക്കം വരില്ല. വ്യവസ്ഥകളോടെ കെട്ടിട നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയുണ്ട്. നിർമ്മാണ മേഖലയ്ക്കുള്ളിൽ ക്യാമ്പുകളിൽ കഴിയുന്ന ജോലിക്കാരെ മാത്രമേ ജോലിക്കായി നിയോഗിക്കാൻ പാടുള്ളൂ. ഇവരെ നിർമ്മാണ മേഖലയ്ക്കു പുറത്തുവിടാൻ പാടില്ല. മറ്റെല്ലാ നിയന്ത്രണങ്ങളും നിലവിലേത് പോലെ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ഇന്ന് 222 കൊവിഡ് പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തത്. ഇതില്‍ 203 ഉം സമ്പർക്കത്തിലൂടെയാണ്. നേരത്തെ ജില്ലയിലെ പൂന്തുറ, പുല്ലുവിള പ്രദേശങ്ങളില്‍ സമൂഹവ്യാപനം ഉണ്ടായതായി പ്രഖ്യാപിച്ചിരുന്നു. തലസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ സമൂഹവ്യാപന ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രങ്ങള്‍ കർശനമാക്കുന്നത്.