രണ്ടാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സേനയില്‍പ്പെട്ടവര്‍ക്കും പാരിതോഷികം നല്‍കണം; പ്രധാനമന്ത്രിക്ക് എ.കെ.ആന്‍റണിയുടെ കത്ത്

 

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ മൂലമുണ്ടായ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന കൂടുതല്‍ ജനവിഭാഗങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ രണ്ടാം സാമ്പത്തിക പാക്കേജ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്‍റണി എം.പി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പോലീസ് സേനയില്‍പ്പെട്ടവര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രത്യേക പാരിതോഷികം രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.

അഥിതി തൊഴിലാളികള്‍, ദിവസ തൊഴിലാളികള്‍, നിര്‍മ്മാണ തൊഴിലാളികള്‍, കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, മത്സ്യതൊഴിലാളികള്‍, വ്യാപാരികള്‍, ചെറുകിട ഇടത്തരം വ്യവസായികള്‍, അസംഘടിത മേഖലയില്‍ പണിയെടുക്കുന്നവര്‍, പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ചെറുപ്പക്കാര്‍ എന്നിവരെല്ലാം സാമ്പത്തിക പ്രതിസന്ധിയുടെ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഇവരടക്കം ബുദ്ധിമുട്ടനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള സമഗ്രമായതായിരിക്കണം രണ്ടാം പാക്കേജ്-എ.കെ.ആന്റണി നിര്‍ദ്ദേശിച്ചു.

ലോക്ഡൗണ്‍ മുലൂം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ച ആദ്യ നടപടിയായ സാമ്പത്തിക പാക്കേജിനെ സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയില്‍ ലോക്ഡൗണ്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ നടപടികള്‍ അനിവാര്യമായി വന്നിരിക്കുന്നത്. ചരക്ക് സേവന നികുതിയുടെ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നഷ്ടപരിഹാരം എത്രയും വേഗം അനുവദിക്കണമെന്നും കത്തില്‍ ആന്‍റണി ആവശ്യപ്പെട്ടു.

Comments (0)
Add Comment