ബ്രൂവറി അഴിമതി നിയമസഭാസമിതി അന്വേഷിക്കണം: കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Thursday, October 4, 2018

ബ്രൂവറിയും ഡിസ്റ്റിലറിയും രഹസ്യമായി അനുവദിച്ച ഇടപാടിലെ അഴിമതിയെ കുറിച്ച് നിയമസഭാ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആവശ്യപ്പെട്ടു. ബ്രൂവറി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തുന്ന ന്യായീകരണം അഴിമതിക്ക് പച്ചക്കൊടി കാണിക്കുന്നതിന് തുല്യമാണ്. അഴിമതി ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് പുറത്തുവിട്ട തെളിവുകള്‍ക്ക് ഒന്നും തന്നെ മറുപടി നല്‍കുവാന്‍ മുഖ്യമന്ത്രിക്കായിട്ടില്ല.

അഴിമതിയെ പരസ്യമായി പിന്തുണയ്ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ജനതയെ വിഡ്ഡികളാക്കുകയാണ്. സര്‍ക്കാര്‍ നടത്തുന്ന ഇടപാടുകളിലെ അഴിമതിയെ വെള്ളപൂശാനും മഹത്വവത്കരിക്കാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിന്‍ ഇടപാടിലെ സാമ്പത്തിക ക്രമക്കേടിനേയും എല്‍.ഡി.എഫ് പരസ്യമായി ന്യായീകരിച്ചു. ബ്രൂവറിയും ഡിസ്റ്റിലറിയും അനുവദിച്ച വകയില്‍ കോടികളാണ് സി.പി.എം സ്വന്തമാക്കിയത്.

അഴിമതി നടത്തുന്ന കാര്യത്തില്‍ നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവല്‍ പക്ഷികളാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അഴിമതിയുടെ കാര്യത്തില്‍ സര്‍വകാല റിക്കാര്‍ഡ് സ്യഷ്ടിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് പരിഹസിച്ചു.