പോലീസിന്‍റെ രഹസ്യങ്ങള്‍ ചോരുന്നത് അതീവഗുരുതരം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Friday, March 6, 2020

പൗരന്‍റെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്‍കേണ്ട പോലീസിന്‍റെ രഹസ്യവിവരങ്ങള്‍ ചോരുന്നത് അതീവ ഗുരുതരമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലുപ്പള്ളി രാമചന്ദ്രന്‍. പോലീസിന്‍റെ പരമപ്രധാനമായ രഹസ്യങ്ങള്‍ പോലും ചോരുകയെന്നത് സംസ്ഥാന സുരക്ഷ എത്രത്തോളം അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നതിന് തെളിവാണ്. മുഖ്യമന്ത്രിയുടെ ഒത്താശയോടെ ഡി.ജി.പി നടത്തിയ അഴിമതി ജനങ്ങളിലെത്തിയത് അന്വേഷിക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രിയും ഡി.ജി.പിയും വിചിത്രമായ പ്രവണതയ്ക്കാണ് തുടക്കം കുറിച്ചത്. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിനെതിരായ വെല്ലുവിളി കൂടിയാണ് അന്വേഷണ പ്രഖ്യാപനം. ക്രമക്കേടുകളും അഴിമതികളും പൊതുജനമധ്യത്തിലെ ത്തിക്കുക എന്നത് മാധ്യമധര്‍മ്മമാണ്. ഭരണാധികാരികളുടേയും സര്‍ക്കാരുകളുടേയും പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. മാധ്യമ പ്രവര്‍ത്തകര്‍ അവരുടെ കടമനിര്‍വഹിക്കുമ്പോള്‍ അതില്‍ അസഹിഷ്ണുത പ്രകടിപ്പിച്ചിട്ട് കാര്യമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കേരള പോലീസിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് പിണറായി വിജയന്‍ ആഭ്യന്തരമന്ത്രിയായി വന്നതിന് ശേഷം നടക്കുന്നത്. ആഭ്യന്തരവകുപ്പിന് ഒരു നാഥനില്ലാത്ത അവസ്ഥയാണെന്ന് തുടക്കം മുതല്‍ താന്‍ വ്യക്തമാക്കിയതാണ്. ആഭ്യന്തരവകുപ്പ് പൂര്‍ണ്ണമായും ഡി.ജി.പിയുടെ നിയന്ത്രണത്തിലാണ്. ലക്കും ലഗാനുമില്ലാത്ത ഇടപെടുലുകളാണ് ഡി.ജി.പി ആഭ്യന്തരവകപ്പില്‍ നടത്തുന്നത്. ആഭ്യന്തരവകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയാകട്ടെ ഡി.ജി.പിയുടെ കയ്യിലെ കളിപ്പാവയായിമാറിയെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

കേരള പോലീസിന്‍റെ വിശ്വാസ്യത മുഖ്യമന്ത്രിയും ഡി.ജി.പിയും ചേര്‍ന്ന് തകര്‍ത്തു. പോലീസുകാരുടെ മാനോധൈര്യം തകര്‍ക്കുന്ന നടപടികളാണ് ഇരുവരുടെ ഭാഗത്ത് നിന്നും തുടരെ ഉണ്ടാകുന്നത്. ഡി.ജി.പിയെ നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് ഉചിതമെന്നും മുല്ലപ്പള്ളി പറഞ്ഞു.