പിണറായി വിജയൻ സർക്കാർ ആയിരം ദിവസം പൂർത്തിയാക്കുമ്പോൾ എല്ലാം ശരിയാക്കി കിട്ടുന്നത് ഒരു കൂട്ടർക്ക് മാത്രം. അത് മദ്യമുതലാളിമാർക്ക് മാത്രമാണ്. ഇടതുസര്‍ക്കാരിന്‍റെ ദുര്‍ഭരണത്തില്‍ സംസ്ഥാനത്തെ സമസ്ത മേഖലകളിലും ജനം വലയുമ്പോൾ മദ്യമുതലാളിമാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലാണ് സർക്കാരിന്‍റെ ശ്രദ്ധ.
എല്ലാം ശരിയാക്കും എന്നുപറഞ്ഞാണ് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നത്.
മദ്യമാഫിയയും ഇടതുമുന്നണിയും തമ്മിലുള്ള അവിശുദ്ധ ബന്ധം വ്യക്തമാകുന്ന നടപടികളാണ് പിണറായി സർക്കാർ അധികാരത്തിലേറി തുടക്കം മുതല്‍തന്നെ കാണാനായത്. സർക്കാരിന്‍റെ ഓരോ തീരുമാനവും ബാർ ഉടമകൾക്ക് അനുകൂലമായിരുന്നു.മദ്യ നിരോധനമല്ല മദ്യവർജനമാണ് വേണ്ടതെന്നും മദ്യലഭ്യത കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്നും പറഞ്ഞ് അധികാരത്തിലേറിയ ഇടതു സർക്കാർ തുടർന്ന് ഈ നിലപാടിൽ നിന്നും മലക്കം മറിയുകയാണുണ്ടായത്. യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ ബാറുകൾ ഭൂരിഭാഗവും തുറന്നുകൊടുത്തു.
https://www.youtube.com/watch?v=7iyADKYT-a8
തുടർന്ന് സ്വീകരിച്ച ഓരോ നടപടികളും ബാർ ഉടമകൾക്ക് അനുകൂലമായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആരാധനാലയങ്ങളില്‍നിന്നും ബാറുകള്‍ പാലിക്കേണ്ട ദൂരപരിധി കുറയ്ക്കുകയാണ് പിന്നീട് ചെയ്തത്. ദേശീയ പാതയോരത്തെ മദ്യശാലകൾക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ സർക്കാർ നിയമങ്ങളിൽ ഭേദഗതി വരുത്തി. ഇതുകൂടാതെ ബജറ്റിലും ബാർ ഉടമകൾക്ക് നിരവധി ഇളവുകൾ നൽകി. തിരുവോണ ദിവസം സർക്കാരിന്‍റെ മദ്യവിൽപനശാലകൾ അടച്ചിട്ട് ബാറുകൾക്ക് കോടികൾ കൊയ്യാൻ അവസരം ഒരുക്കി. വിദേശ നിർമിത വിദേശമദ്യം സർക്കാർ മദ്യശാലകൾക്ക് മാത്രമല്ല ബാറുകളിലും വിൽപന നടത്താന്‍ അനുമതി നൽകി. നികുതിയും കുറച്ച് കൊടുത്തു. ഇങ്ങനെ പോകുന്നു സർക്കാരും മദ്യ മാഫിയയും തമ്മിലുള്ള കൂട്ടുകെട്ട്.
ഒരുഭാഗത്ത് ബാറുകൾക്ക് വൻ ഇളവുകൾ നൽകുമ്പോൾ മറുഭാഗത്ത് ഇഷ്ടക്കാർക്ക് ചട്ടം ലംഘിച്ച് മദ്യനിർമാണശാലകൾക്ക് അനുമതി നൽകിയാണ് സർക്കാർ പ്രതിബന്ധത പ്രകടിപ്പിച്ചത്. ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നൽകിയത് വേണ്ടപ്പെട്ടവർക്ക്. ഇക്കാര്യത്തിൽ മദ്യനയം തിരുത്താതെയും സ്വന്തം മുന്നണിയുടെ തന്നെ മുൻ സർക്കാർ എടുത്ത തീരുമാനത്തെയും മറികടന്നാണ് ഇത് അനുവദിച്ചത്. ഇതുസംബന്ധിച്ച് ചട്ടലംഘനവും അഴിമതിയും പുറത്തുവന്നതോടെ അനുമതി റദ്ദാക്കി തല്‍ക്കാലം സർക്കാർ തടിതപ്പി. ഇവർക്ക് ലൈസൻസ് നൽകാനുള്ള ശ്രമം ഇപ്പോഴും തുടരുന്നുമുണ്ട്.