ക്രിസ്മസ് ദിനങ്ങളിൽ കേരളം കുടിച്ചുതീർത്തത് 125 കോടി രൂപയുടെ മദ്യം

Jaihind News Bureau
Friday, December 27, 2019

ക്രിസ്മസ് ദിനങ്ങളിൽ കേരളം കുടിച്ചുതീർത്തത് 125 കോടി രൂപയുടെ മദ്യം. ക്രിസ്മസ് ദിനത്തിലും തലേന്നുമായി ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ വഴി 111.88 കോടിയുടെയും കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലൂടെ 15 കോടിയിലധികം രൂപയുടെയും മദ്യമാണ് വിറ്റഴിക്കപ്പെട്ടത്.

മദ്യത്തോടുള്ള മലയാളികളുടെ ഭ്രമം ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന്‍റെ ഉദാഹരണം കൂടിയാണ് ക്രിസ്മസിലെ മദ്യ കണക്കുകൾ സൂചിപ്പിക്കുന്നത്. 125 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസിനും തലേന്നുമായി വിറ്റഴിക്കപ്പെട്ടത്. ഇതിനുപുറമെയാണ് ബാറുകളിലെയും കള്ളുഷാപ്പുകളിലെയും മദ്യവിൽപന.

ബിവറേജസ് കോർപറേഷൻ ഔട്ട്‌ലെറ്റുകളും വെയർഹൗസുകളും വഴി 24ന് വിറ്റത് 71.51 കോടി രൂപയുടെയും ക്രിസ്മസ് ദിനത്തിൽ 40.39 കോടിയുടെയും മദ്യമാണ് വിറ്റത്. കഴിഞ്ഞവർഷം ഇത് 47.54ഉം 40.60ഉം കോടിയായിരുന്നു. നെടുമ്പാശ്ശേരി ഔട്ട്‌ലെറ്റിലാണ് കൂടുതൽ മദ്യം വിറ്റത്- 63.28 ലക്ഷം. മുൻവർഷം ഇത് 51.30 ലക്ഷമായിരുന്നു. രണ്ടാം സ്ഥാനത്ത് ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റാണ്. കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിലൂടെ ക്രിസ്മസ് തലേന്ന് 9.46 കോടി രൂപയുടെയും ക്രിസ്മസ് ദിനത്തിൽ ഏഴ് കോടിയിലധികം രൂപയുടെയും മദ്യം വിറ്റതായാണ് കണക്ക്. കഴിഞ്ഞവർഷത്തേക്കാൾ 15 ശതമാനം വർധന.

കൺസ്യൂമർ ഫെഡിന്‍റെ ബിയർ പാർലറുകളിൽ വിൽപനയിൽ മുന്നിലെത്തിയത് തിരുവനന്തപുരം സ്റ്റാച്യുവിലെ ഷോപ്പാണ്- 10 ലക്ഷം രൂപയുടെ ബിയർ ഇവിടെ വിറ്റു. ഏഴ് ലക്ഷത്തിന്‍റെ വിൽപനയുമായി കോവളമാണ് രണ്ടാംസ്ഥാനത്ത്.