ലഖിംപുർ കർഷക കൊലപാതകം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതിയെ കണ്ടു

Jaihind Webdesk
Wednesday, October 13, 2021

ന്യൂഡല്‍ഹി : ലഖിംപുർ ഖേരിയിലെ കർഷക കൊലപാതകത്തിൽ ആരോപണവിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയെ നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ടു. രണ്ട് സിറ്റിംഗ് ജഡ്ജിമാർ കേസ് അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

11.30 ഓടെയാണ് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയെ കണ്ട് ആവശ്യമുന്നയിച്ചത്. കേസിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുകയാണ്. ആശിഷ് മിശ്രക്കെതിരെ അന്വേഷണം നടക്കുമ്പോൾ അജിത് മിശ്ര മന്ത്രിസ്ഥാനത്ത് തുടരുന്നതിലെ വൈരുദ്ധ്യം ചോദ്യം ചെയ്താണ് കോണ്‍ഗ്രസ് രാഷ്ട്രപതിയെ കണ്ടത്. അജയ് മിശ്രയെ പുറത്താക്കിയില്ലെങ്കിൽ കർഷകർക്ക് നീതി ലഭിക്കില്ലെന്ന് സംഘം രാഷ്ട്രപതിയെ അറിയിച്ചു.

ലഖിംപുർ സംഭവത്തിലെ കോണ്‍ഗ്രസിന്‍റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടും പ്രതിനിധി സംഘം രാഷ്ട്രപതിക്ക് കൈമാറി. കർഷകരെ കൂട്ടക്കൊല ചെയ്തതിൽ അജയ് മിശ്രക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. സുപ്രീം കോടതി മേൽനോട്ടത്തിൽ രണ്ട് സിറ്റിംഗ് ജഡ്ജിമാർ കേസ് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ മനസാക്ഷിയെ നടുക്കിയ കര്‍ഷക കൂട്ടക്കൊലയ്ക്ക് പിന്നില്‍  ആരോപണം ശക്തമാകുമ്പോഴും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി ദേശീയ നേതൃത്വം സ്വീകരിക്കുന്നത്.

ലഖിംപുരിലെ കർഷകകൂട്ടക്കൊലയിൽ കേന്ദ്ര സർക്കാറിനുമേൽ സമ്മർദം ശക്തമാക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധി, എകെ ആന്‍റണി, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാർഗെ, ഗുലാംനബി ആസാദ്, ആധിർ രഞ്ജന്‍ ചൌധരി എന്നിവരുടെ സംഘമാണ് രാഷ്ട്രപതിയെ കണ്ട് നിവേദനം സമർപ്പിച്ചത്.