കുന്നത്തുനാട് ഭൂമി വിവാദം: മുഖ്യമന്ത്രിയുമായി കൊമ്പുകോർത്ത് റവന്യൂ മന്ത്രി

കുന്നത്തുനാട് ഭൂമി വിവാദത്തിൽ കടുത്ത നീക്കവുമായി റവന്യൂ മന്ത്രി രംഗത്ത്. തന്നെ അറിയിക്കാതെ ഫയൽ നീക്കമുണ്ടാവരുതെന്ന് റവന്യൂ സെക്രട്ടറിക്ക് മന്ത്രി ഇ ചന്ദ്രശേഖരൻ കത്ത് നൽകി. റവന്യൂ മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം തേടിയത് നേരത്തെ വിവാദമായിരുന്നു.

കുന്നത്തുനാട്ടിലെ വിവാദ നിലം നികത്തിലിനെതിരെ പ്രതിപക്ഷത്തിന്‍റെ ഭാഗത്തു നിന്ന് നിയമസഭയിലുൾപ്പെടെ ശക്തമായ പ്രതിഷേധം ഉണ്ടായതിനു പിന്നാലെയാണ് റവന്യൂ മന്ത്രി നിലപാട് കടുപ്പിച്ചത്. റവന്യൂ മന്ത്രിയെ മറികടന്ന് മുഖ്യമന്ത്രി എ.ജിയുടെ നിയമോപദേശം തേടിയത് നേരത്തേ വിവാദമായിരുന്നു. എ.ജിയുടെ നിയമോപദേശം എന്തായാലും നികത്തൽ അനുമതി മരവിപ്പിച്ചതിൽ മാറ്റമില്ലെന്ന് മന്ത്രി റവന്യൂ സെക്രട്ടറിക്ക് നൽകിയ കത്തിൽ നിലപാടെടുത്തു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസാണ് വിവാദ നിലം നികത്തലിന് പിന്നിലെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണം ശക്തി പ്രാപിക്കുകയാണ്. വിഷയത്തിൽ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ നിലപാടിനെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി.

കളക്ടറുടെ പരിശോധയിൽ ഇത് അനധികൃത നിലംനികത്തലാണെന്ന് ബോധ്യപ്പെട്ടുവെന്നും അതു മറികടന്നുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയുടെ തീരുമാനത്തെക്കുറിച്ച് എ.ജിയുടെ ഉപദേശം തേടിയതായും മന്ത്രി നിയമസഭയിൽ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തന്നെ അറിയിക്കാതെ ഫയൽ നീക്കമുണ്ടാവരുതെന്ന് റവന്യൂ സെക്രട്ടറിക്ക് മന്ത്രി ഇ ചന്ദ്രശേഖരൻ കത്ത് നൽകിയത്. എന്നാൽ ഇതുവരെ വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായിട്ടില്ല.

Comments (0)
Add Comment