കുറ്റ്യാടി സര്‍ക്കാര്‍ സ്‌കൂളില്‍ അനധികൃത പണപ്പിരിവ്; കെ.എസ്.യു സമരത്തെത്തുടര്‍ന്ന് നടപടി; കൂടുതല്‍ വാങ്ങിയ പണം തിരികെ നല്‍കും; 150 രൂപയില്‍ കൂടുതല്‍ ഫീസ് വാങ്ങില്ല

Jaihind Webdesk
Wednesday, May 15, 2019

കുറ്റ്യാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡ്മിഷന്‍ സമയത്ത് രക്ഷിതാക്കളില്‍ നിന്ന് അനധികൃത പണപ്പിരിവ് നടത്തിയതിനെതിരേ കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു. ഒരു രക്ഷകര്‍ത്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കെ.എസ്.യുവിന്റെ പ്രതിഷേധം. പരാതിയില്‍ ഉന്നയിച്ച കാര്യങ്ങളുടെ വ്യക്തമായ തെളിവുകള്‍ സഹിതം സ്‌കൂളിലെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഹെഡ്മാസ്റ്ററെ ഉപരോധിക്കുകയുമായിരുന്നു.

ഹെഡ്മാസ്റ്ററും, പി.ടി.എ ഭാരവാഹികളുമായി ചര്‍ച്ച നടത്തിയ നേതാക്കള്‍ ഇനി മുതല്‍ 150 രൂപയില്‍ കൂടുതല്‍ രക്ഷിതാക്കളില്‍ നിന്ന് വാങ്ങില്ലെന്നും ഇതുവരെ വാങ്ങിയ പണം രക്ഷിതാക്കള്‍ക്ക് തിരികെ നല്‍കുമെന്നും രേഖാമൂലം സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്. സംഭവത്തില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെ.എസ്.യു കുറ്റ്യാടി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇത്തരത്തില്‍ പകല്‍കൊള്ള നടത്തുന്നത് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി പരാജയപ്പെട്ടിരിക്കുകയാണ് ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും യോഗം ആവശ്യപെട്ടു.