കെ.എസ്.യു എന്ന കരുത്തുറ്റ വിദ്യാര്‍ഥി പ്രസ്ഥാനത്തിന് ഇന്ന് 62-ാം ജന്മദിനം

Jaihind Webdesk
Thursday, May 30, 2019

ആലപ്പുഴയുടെ സമരഭൂമിയിൽ കെ.എസ്.യു എന്ന വിദ്യാർത്ഥി പ്രസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 62 വർഷങ്ങൾ പിന്നിടുന്നു. വിമോചന സമരത്തിലൂടെ ഒരു സർക്കാരിനെ തന്നെ താഴെ ഇറക്കിയ പ്രസ്ഥാനം
കലാലയങ്ങൾ കോട്ടകൾ ആകുന്ന ഈ കാലഘട്ടത്തിലും വിദ്യാർഥികളുടെ പ്രതീക്ഷയാണ്.

1957 ൽ ആലപ്പുഴയിൽ രൂപം കൊണ്ട കെ.എസ്.യു ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാർഥി സംഘടനയാണ്. സ്വാതന്ത്ര്യസമര കാലത്ത് വിദ്യാർഥി പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു വിദ്യാര്‍ഥി സംഘടന എന്ന രീതിയിൽ രൂപം കൊണ്ടത് കേരളാ വിദ്യാർഥി യൂണിയന്‍ എന്ന കെ.എസ്.യുവാണ്. വിദ്യാർഥികളുടെ യാത്രാക്കൂലിയുടെ ഇളവിനായി നടത്തി ചരിത്രത്തിൽ രേഖപ്പെടുത്തിയ ഒരണ സമരത്തിലൂടെയായിരുന്നു കെ.എസ്.യുവിന്‍റെ വിദ്യാർഥി വിപ്ലവ യാത്രയുടെ തുടക്കം. അത് പിന്നീടങ്ങോട്ടുളള ഒരുപാട് സമരമുഖങ്ങളുടെ കാഹളമായിരുന്നു.

ജോർജ് തരകനും, എ.കെ ആന്‍റണിയും, വയലാർ രവിയും, എ.സി ജോസും ഉമ്മൻ ചാണ്ടിയും രുപം കൊടുത്ത പ്രസ്ഥാനം കേരളത്തിലെ വിദ്യാർഥി സമൂഹത്തിനും പൊതുസമൂഹത്തിനും നൽകിയ സംഭാവനകൾ ഏറെയാണ്. കോളേജ് യൂണിയനുകൾ മുതൽ സെനറ്റും സിൻഡിക്കേറ്റും വരെ രൂപീകൃതമായതിൽ കെ.എസ്.യുവിന്‍റെ സമരപോരാട്ടങ്ങളുടെ പാരമ്പര്യമുണ്ട്. ഇന്ന് വിദ്യാർഥികൾ അനുഭവിക്കുന്ന അവകാശങ്ങളിൽ 90 ശതമാനവും നേടിയെടുത്തതും അവ ഇന്നും സംരക്ഷിക്കുന്നതും കെ.എസ്.യു തന്നെ.

ചരിത്രത്തിലാദ്യമായി ഒരു വിദ്യാർഥി പ്രസ്ഥാനം ഒരു ഭരണകൂടത്തെ താഴെയിറക്കി. വിമോചന സമരത്തിലൂടെ ഇ.എം.എസ് സർക്കാരിനെ താഴെയിറക്കിയ പ്രസ്ഥാനമാണ് കെ.എസ്.യു. കെ.എസ്.യുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പിന്നിട് ദേശീയ വിദ്യാർഥി യൂണിയൻ എൻ.എസ്.യു.ഐ രൂപം കൊളളുന്നത്. എ.കെ ആന്‍റണിയും, വയലാർ രവിയും, ഉമ്മൻ ചാണ്ടിയും മുതൽ രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും കെ.സി വേണുഗോപാലും വരെയുളള ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായരെ വാർത്തെടുത്തത് കേരള വിദ്യാർഥി യൂണിയനാണ്.

ഈ പ്രതിസന്ധികളുടെ കാലത്ത് പ്രത്യാശയുടെ രാഷ്ട്രീയമാണ് കെ.എസ്.യു മുന്നോട്ട് വെക്കുന്നത്. കലാലയങ്ങളിൽ ആത്മഹത്യാ ശ്രമങ്ങൾ പെരുകുമ്പോൾ… അവിടെ നിന്നും ജനാധിപത്യം തൂത്തെറിയുമ്പോൾ… ഈ പതാക പ്രതീക്ഷയുടേതാണ്…