അടിസ്ഥാന സൗകര്യങ്ങളില്ലാതെ നട്ടംതിരിയുകയാണ് സ്പെഷ്യൽ ഡ്യൂട്ടിക്കായി പമ്പയിലെത്തുന്ന കെഎസ്ആർടിസി ജീവനക്കാർ. പലരും കിടന്നുറങ്ങുന്നത് ബസുകളിൽ തന്നെയാണ്. ദേവസ്വം ബോർഡ് നൽകുന്ന ഭക്ഷണം ലഭിക്കുന്നതാകട്ടെ നിലയ്ക്കലിൽ മാത്രം.
13 ജീവനക്കാരാണ് പമ്പ ഡിപ്പോയിലുള്ളത്. ശബരിമല നട തുറക്കുന്ന ദിവസങ്ങളിലേക്കായി സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലെ ജീവനക്കാരാണ് ഇവിടെ എത്തുന്നത്. ഇത്തവണ 35 ഫ്ളോർ ബസുകൾ നിലയ്ക്കൽ പമ്പ സർവീസ് നടത്തുന്നതിനായി ക്രമീകരിച്ചിരിക്കുന്നു. ഇതിലേക്കായി 35 ഡ്രൈവേഴ്സും 35 കണ്ടക്ടേഴ്സും 14 മറ്റു ജീവനക്കാരുമുണ്ട്. എന്നാൽ ഇവർക്കായി ക്രമീകരിച്ചിരിക്കുന്ന താമസ സൗകര്യം ഇത്രമാത്രം.
നേരത്തെ പാമ്പ് ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം ഉണ്ടാകാറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. പലരും കിടന്നുറങ്ങുന്നത് ബസുകളിൽ തന്നെയാണ്. രാത്രിയിലെ തണുപ്പ് പലപ്പോഴും അസഹനീയമെന്നും ഇവർ പറയുന്നു. ദേവസ്വം ബോർഡ് നൽകുന്ന ഭക്ഷണം ലഭിക്കുന്നത് നിലയ്ക്കലിൽ മാത്രം. പമ്പയിലെ സ്ഥിരം ജോലിക്കാരായ 13 പേർക്കുള്ള ഭക്ഷണം ഒരു ജീവനക്കാരൻ വഴി ഡിപ്പോയിലെത്തിക്കും. ബാക്കിയുള്ള 84 പേരും നിലയ്ക്കലിൽ പോയി ഭക്ഷണം കഴിക്കേണ്ട സ്ഥിതിയാണുള്ളത്. എന്നാൽ മിക്കവാറും സമയങ്ങളിൽ ഇതിന് സാധിക്കാറില്ലെന്നും പുറത്തെ ഹോട്ടലുകളിൽ നിന്നുമാണ് ഭക്ഷണം കഴിക്കുന്നതെന്നും ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നുന്നു. പത്തനംതിട്ട, ചെങ്ങന്നൂർ എന്നിവിങ്ങളിൽ നിന്നും 7 വീതം അധിക സർവീസുകൾ അനുവദിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ബസുകളിൽ തിരക്ക് വളരെ കുറവാണ്. അതു കൊണ്ടു തന്നെ പലപ്പോഴും ഡ്യൂട്ടിയില്ലാത്ത അവസ്ഥയുമുണ്ട്.
രാത്രി ഡ്യൂട്ടിക്ക് മാത്രമാണ് അലവൻസ് ലഭിക്കുന്നുള്ളുവെന്നും ജീവനക്കാർ പരാതി പറയുന്നു. നിലയ്ക്കലിൽ കെ എസ് ആർ ടി സിക്ക് ശൗചാലയ സൗകര്യം പോലുമില്ല.