‘തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത ചോർന്നുപോകുന്നു’: പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്തതിന് പിന്നാലെ കോൺഗ്രസ് സുപ്രീം കോടതിയിലേക്ക്

Wednesday, December 25, 2024

 

ഡല്‍ഹി: 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിലെ സമീപകാല ഭേദഗതികളെ ചോദ്യം ചെയ്തുകൊണ്ട് സുപ്രീം കോടതിയിൽ ഹര്‍ജി ഫയൽ ചെയ്ത് കോൺഗ്രസ്. സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്തതിന് പിന്നാലെയാണ് കോൺഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത അതിവേഗം നശിച്ചുകൊണ്ടിരിക്കുകയാണെന്നും അത് പുനഃസ്ഥാപിക്കാൻ സുപ്രീം കോടതി സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഹർജി സമർപ്പിച്ച എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ ചുമതലപ്പെടുത്തുന്ന ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനെ ഏകപക്ഷീയമായി അനുവദിക്കാനാവില്ലെന്നും പൊതുജനാഭിപ്രായമില്ലാതെ, ഇത്തരമൊരു സുപ്രധാന നിയമത്തിൽ ഇത്രയും നാണംകെട്ട രീതിയിൽ ഭേദഗതി വരുത്താൻ കഴിയില്ലെന്നും രമേശ് പറഞ്ഞു.

ഇലക്‌ട്രോണിക് തിരഞ്ഞെടുപ്പ് രേഖകളുടെ ദുരുപയോഗം തടയുക എന്ന വ്യാജേനെ ചില ഇലക്‌ട്രോണിക് രേഖകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്നും പൊതുജനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് ചെയ്തത്. ഇതിന് വേണ്ടി 1961ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്‍റെ 93-ാം ചട്ടം കേന്ദ്രം ഭേദഗതി ചെയ്തിരുന്നു. തുടർന്നാണ് വിവാദം ഉടലെടുത്തത്. ഇതിൽ സി.സി.ടി.വി ക്യാമറയും വെബ്‌കാസ്റ്റിങ് ദൃശ്യങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കിടെ സ്ഥാനാർത്ഥികളുടെ വീഡിയോ റെക്കോർഡിംഗുകളും ഉൾപ്പെടുന്നു. ഭേദഗതി വരുന്നതോടെ ഇവയൊന്നും പൊതുജനങ്ങൾക്ക് വിവരാവകാശ നിയമം വഴി എടുക്കാൻ കഴിയില്ല.