മരടിലെ ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്ന് കാണിച്ച് ഫ്ളാറ്റുകൾക്ക് കെ.എസ്.ഇ.ബി നോട്ടീസ് നൽകി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം ഫ്ളാറ്റുകളിലേക്കുള്ള ജല, വൈദ്യുതി, പാചകവാതക ബന്ധം മൂന്ന് ദിവസത്തിനകം വിച്ഛേദിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകാൻ തീരുമാനം എടുത്തിരുന്നു. അതേസമയം മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ സർക്കാർ നിയോഗിച്ച സ്പെഷ്യൽ ഓഫീസർ ഫോർട്ട് കൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ് നഗരസഭാ ഓഫീസിലെത്തി ചുമതലയേറ്റു.
മരടിലെ ഫ്ലാറ്റ് പൊളിച്ചുനീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വൈകുന്നത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും രൂക്ഷവിമർശനം വന്നതിന് പിന്നാലെയാണ് സർക്കാർ ഫ്ലാറ്റ് വിഷയത്തിൽ നിലപാട് കടുപ്പിച്ചത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഫ്ലാറ്റുകളിലെ വെള്ളം, വൈദ്യുതി, പാചകവാതകം തുടങ്ങിയവ വിച്ഛേദിക്കാൻ ബന്ധപ്പെട്ടവർക്ക് കത്ത് നൽകാൻ തീരുമാനം എടുത്തത്. അതിന്‍റെ അടിസ്ഥാനത്തിൽ ഫ്ലാറ്റുകളിലെ ജല വൈദ്യുതി ബന്ധം മൂന്ന് ദിവസത്തിനുള്ളിൽ വിച്ഛേദിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭാ സെക്രെട്ടറി ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് ഉച്ചയോടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഫ്ലാറ്റുകളിൽ എത്തി ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം നാളെ വിച്ഛേദിക്കുമെന്ന് കാണിച്ച് നോട്ടീസ് പതിച്ചു. ഫ്ലാറ്റുടമകളുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു നീക്കം.
അതേസമയം ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഫോർട്ട് കൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗിനെ മരട് നഗരസഭാ സെക്രട്ടറിയുടെ അധിക ചുമതല നൽകി. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് ചുമതലയേറ്റെടുത്ത ശേഷം സ്നേഹിൽ കുമാർ സിംഗ് വ്യക്തമാക്കി. അതെ സമയം ഫ്ലാറ്റുകളിലേക്കുള്ള, വൈദ്യുതി, വെള്ളം, പാചകവാതകം എന്നിവ വിച്ഛേദിക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.