എഴുപത്തി മൂന്നാം സ്വാതന്ത്ര്യദിനത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആശംസകള്‍ നേര്‍ന്നു.
സ്വാതന്ത്ര്യദിനം വിപുലമായ രീതിയില്‍ ആഘോഷിക്കാനാണ് കെ.പി.സി.സി തീരുമാനിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി എത്തിയ പ്രകൃതിദുരന്തത്താല്‍ ജനങ്ങള്‍ കൊടിയ കഷ്ടത അനുഭവിക്കുന്ന സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ല. ദുരന്തത്തില്‍ വേദന അനുഭവിക്കുന്ന നമ്മുടെ സഹജീവികള്‍ക്ക് ആശ്വാസം എത്തിക്കുന്ന പ്രവൃത്തികള്‍ക്കാണ് ഈ സ്വാതന്ത്ര്യദിനത്തില്‍ നാം പ്രാമുഖ്യം നല്‍കേണ്ടത്. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് രാവിലെ കെ.പി.സി.സി ആസ്ഥാനത്തും ഡി.സി.സികളിലും ദേശീയപതാക ഉയര്‍ത്തുകയും പ്രതിജ്ഞയെടുക്കുകയും ലളിതമായ ചടങ്ങുകള്‍ സംഘടിപ്പിക്കുകയും ചെയ്ത് സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ ധീരോജ്വല സ്മരണ പുതുക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.
ദേശീയ രാഷ്ട്രീയ സംഭവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് ഏറെ പ്രധാന്യമുണ്ട്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്രുവും ഉള്‍പ്പടെയുള്ള ധീരദേശാഭിമാനികള്‍ ചോരകൊടുത്ത് നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുന്ന നടപടികളാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അസഹിഷ്ണുതയുടെ രാഷ്ട്രീയമാണ് കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടേത്. ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിച്ചിരുന്ന ബ്രട്ടീഷ് തന്ത്രത്തിന്റെ തനിയാവര്‍ത്തനമാണ് നരേന്ദ്ര മോദി നടപ്പിലാക്കുന്നത്. മാനുഷിക മൂല്യങ്ങളെ മോദി ഭരണത്തില്‍ തകര്‍ത്തെറിയുന്നു. ഭരണഘടനയെ പിച്ചിച്ചീന്തുന്നു. നെഹ്രുവിനെ പോലുള്ള ധീരദേശാഭിമാനികളെ ഇകഴ്ത്തുകയും ഗാന്ധിഘാതകനായ ഗോഡ്സെയെ പുകഴ്ത്തുകയും ചെയ്യുന്നു. ഭരണഘടനാ തത്വങ്ങളെയെല്ലാം തകര്‍ത്ത് പൂര്‍ണ ഫാസിസ്റ്റ്ഭരണമാണ് നരേന്ദ്രമോദി നടപ്പിലാക്കുന്നത്.
ഭരണത്തിന്റെ തണലില്‍ ഇന്ത്യയുടെ മഹത്തായ സംസ്കാരത്തേയും നാനാത്വത്തില്‍ ഏകത്വമെന്ന സംസ്കൃതിയേയും തകര്‍ത്ത് രാജ്യത്ത് അശാന്തിയും അസഹിഷ്ണുതയും പടര്‍ത്തുവാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഇന്ത്യക്കാരായ നാം ഓരോരുത്തരും നിതാന് തജാഗ്രത പുലര്‍ത്തണം. നമ്മുടെ രാജ്യത്തിന്റെ വിഖ്യാതമായ മതനിരപേക്ഷ പാര്യമ്പര്യം കാത്തുസംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ജ്ഞാതരും അജ്ഞാതരുമായ ആയിരങ്ങളാണ് ബ്രട്ടീഷ് അധിനിവേശത്തിനെതിരായി പോരാടി, സര്‍വവും സമര്‍പ്പിച്ച് കൊണ്ട് നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം നേടിത്തന്നത്. ആ ധീരപോരാളികളെയെല്ലാം ആദരപൂര്‍വ്വം അനുസ്മരിക്കുന്ന ചരിത്ര മൂഹൂര്‍ത്തമാണ് സ്വാതന്ത്ര്യദിനമെന്ന് സന്ദേശത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.