ശബരിമല വിധിക്കെതിരെ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

Wednesday, October 3, 2018

ശബരിമല വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വിഷയത്തില്‍ കോണ്‍ഗ്രസിന്‍റെ നിലപാട് ഇതാണെന്നും തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച് മീറ്റ് ദപ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും കെ.പി.സി.സി പ്രസിഡന്‍റ് ആവശ്യപ്പെട്ടു.

സി.പി.എം നേതാവ് പി.കെ ശശി എം.എല്‍.എക്കെതിരായ പരാതിയില്‍ പരാതിക്കാരിയായ വനിതാനേതാവിനെ സി.പി.എം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്. ഈ സമീപനം വേട്ടക്കാരന് കുടപിടിക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്വന്തം നിഴലിനെപോലും വിശ്വാസമില്ലാതായിരിക്കുകയാണ്. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ മറുപടി സംശയങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ച് ധിക്കാരവും ധാർഷ്ട്യവും നിറഞ്ഞ സമീപനമാണ്. കേന്ദ്രത്തില്‍ മോദിയും കേരളത്തില്‍ പിണറായിയും ജനവിരുദ്ധനയങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മോദിയും പിണറായിയും ഒരേ തൂവല്‍പക്ഷികളാണെന്നും കെ.പി.സി.സി അധ്യക്ഷന്‍ പറഞ്ഞു.