സിപിഎം നേതാവിനെതിരെ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പെൻഷൻ റദ്ദ് ചെയ്യപ്പെട്ട വയോധികയ്ക്ക് പെൻഷൻ ഏർപ്പെടുത്തി യൂത്ത് കോൺഗ്രസ്‌; ‘യൂത്ത് കെയർ’ പദ്ധതിയിലൂടെ തുക കൈമാറി

 

സിപിഎം പ്രാദേശികനേതാവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പെൻഷൻ റദ്ദ് ചെയ്യപ്പെട്ട കോഴിക്കോട് ചേമഞ്ചേരിയിലെ വയോധികയ്ക്ക് യൂത്ത് കോൺഗ്രസ്‌ പെൻഷൻ ഏർപ്പെടുത്തി. യൂത്ത് കോൺഗ്രസിന്‍റെ ‘യൂത്ത് കെയർ’ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട്ടമ്മയായ സലീനക്ക് പെൻഷൻ നൽകുന്നത്.

ചേമഞ്ചേരി സഹകരണ ബാങ്ക് ജീവനക്കാരനായ സിപിഎം പ്രാദേശിക നേതാവിനെതിരെ പെൻഷൻ തട്ടിപ്പിന് പരാതി നൽകിയതിനെ തുടർന്നാണ് അറുപത്തിനാലുകാരിയായ കാട്ടിലപ്പീടിക ഒറവങ്കര സലീനയുടെ ക്ഷേമ പെൻഷൻ
പഞ്ചായത്ത് റദ്ദാക്കിയത്.

പെൻഷൻ ലഭിക്കാതെ പ്രയാസത്തിലായ സലീനയുടെ ദുരിതം മനസ്സിലാക്കിയ യൂത്ത് കോൺഗ്രസ് ഇവർക്ക് പെൻഷനു തുല്യമായ തുക യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി എത്തിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. യൂത്ത് കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുന്ന പണം പെൻഷൻ പുനഃസ്ഥാപിച്ചു നൽകുന്നതു തുടരും.

കെപിസിസി ജനറല്‍ സെക്രട്ടറി എൻ സുബ്രഹ്മണ്യൻ തുക സലീനക്ക് കൈമാറി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിയാസ് മുക്കോളി, ജില്ല പ്രസിഡന്‍റ് ആർ ഷഹിൻ, സംസ്ഥാന ജനറല്‍ സെക്രട്ടറി എം ധനീഷ് ലാൽ, കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്‍റ് അജയ് ബോസ് തുടങ്ങിയവർ സംബന്ധിച്ചു.

Comments (0)
Add Comment