കൂളിമാട് പാലം തകർന്ന സംഭവം: കരാർ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചു; വിജിലന്‍സ് റിപ്പോർട്ട്

കോഴിക്കോട് : നിര്‍മ്മാണത്തിലിരിക്കെ കൂളിമാട് പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ കരാര്‍ കമ്പനിക്കും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്‌. പൊതുമരാമത്ത് വിജിലന്‍സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച്‌ ഉടന്‍ നടപടിയെടുക്കുമെന്ന് വകുപ്പ് സെക്രട്ടറി അജിത് കുമാര്‍ വ്യക്തമാക്കി.

കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ ഭീമുകൾ തകർന്ന സംഭവത്തിൽ ബുധനാഴ്ചയാണ് വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മെയ് 16നാണ് മലപ്പുറം കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകള്‍ തകര്‍ന്ന് വീണത്. പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും അസിസ്റ്റന്‍റ് എന്‍ജിനീയറും സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നില്ല.

കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയുടെ ജീവനക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ബീമുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള സുപ്രധാന ജോലികള്‍ നടക്കുമ്പോൾ എന്‍ജിനീയര്‍മാരുടെ കലാമേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഒരാഴ്ചയോളം വയനാട്ടിലായിരുന്നു. പാലം നിർമ്മാണത്തിൽ സംഭവിച്ച അപാകതയും നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തതിനും ശേഷമാണ് പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Comments (0)
Add Comment