മത്സ്യബന്ധനമേഖലയെ കുത്തകകൾക്ക് വിൽക്കാന്‍ ശ്രമം ; ബ്ലൂ ഇക്കോണമി എന്ന പേരിൽ കടലിൽ ഖനനാനുമതി നൽകി ; കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ കൊല്ലം ലത്തീൻ രൂപത

കൊല്ലം : കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനവുമായി കൊല്ലം ലത്തീൻ രൂപത. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനും ശ്രമം നടക്കുന്നതായി രൂപത കുറ്റപ്പെടുത്തുന്നു. ശക്തമായ എതിർപ്പിനെ തുടർന്നാണ് ഇ.എം.സി.സി കരാർ പിൻവലിക്കപ്പെട്ടത്. കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലുള്ള മത്സ്യമേഖലയെ തകർക്കാനുള്ള നിയമനിർമ്മാണം നടന്നു കഴിഞ്ഞു. ടൂറിസത്തിൻ്റെയും വികസനത്തിൻ്റേയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് സർക്കാർ ശ്രമം.

അത്തരം നയങ്ങളും തീരുമാനങ്ങളും എതിർക്കപ്പെടേണ്ടതാണെന്നും രൂപത ഇടയലേഖനം. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കി. വനവാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിൻ്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിന്‍റെ  സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും രൂപത കുറ്റപ്പെടുത്തുന്നു.

ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയ കേന്ദ്ര സർക്കാരിനേയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിൻ്റെ പ്രശ്നമാണെന്നും ഇടയലേഖനം. ഇടയലേഖനം നാളെ കൊല്ലം ലത്തീൻ രൂപതയുടെ കീഴിലുള്ള പള്ളികളിൽ വായിക്കും

 

 

Comments (0)
Add Comment