യൂത്ത് കോണ്‍ഗ്രസുകാരുടെ കൊലപാതകം: പ്രതി പിതാംബരന്റെ ഭാര്യയെ എതിര്‍ത്ത് കോടിയേരി

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊന്ന കേസിലെ പ്രതിയും സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന പീതാംബാരന്റെ കുടുംബത്തിന്റെ വാക്കുകളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇരട്ടക്കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് കൊലപാതകമെന്ന് ഭാര്യയോട് ഭര്‍ത്താവ് പറഞ്ഞതായിരിക്കും. ഭര്‍ത്താവ് കേസില്‍ പെട്ടതിന്റെ വിഷമത്തിലായിരിക്കും ഇങ്ങനെ പറഞ്ഞതെന്നും കോടിയേരി പറഞ്ഞു. പാര്‍ട്ടിക്ക് അങ്ങനൊരു തീരുമാനല്ല. അത് ചെയ്യുന്നയാളുകള്‍ വിചാരിക്കുന്നത് അവരാണ് പാര്‍ട്ടിയെന്നാണ്. എന്നാല്‍ അവരല്ല പാര്‍ട്ടി. പാര്‍ട്ടിയെന്ന നിലയില്‍ അങ്ങനൊരു തീരുമാനം ഉണ്ടായിട്ടില്ലെന്ന് അവിടത്തെ ലോക്കല്‍കമ്മിറ്റിയും, ഏരിയാകമ്മിറ്റിയും ജില്ലാകമ്മിറ്റും വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന് അത്തരമൊരു ധാരണയുണ്ടായതില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ല -കോടിയേരി മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.

കാസര്‍ഗോഡ് ഇരട്ടകൊലപാതകത്തില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പീതാംബരന്‍റെ ഭാര്യയും മകളും രംഗത്തുവന്നിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന ആളാണ് അച്ഛന്‍. സിപിഎമ്മിന് വേണ്ടി നിന്നിട്ട് ഇപ്പോള്‍ പാര്‍ട്ടി പുറത്താക്കി. കൊലപാതകം പാര്‍ട്ടി അറിയാതെ നടക്കില്ലെന്ന് ഭാര്യ മഞ്ജുവും മകള്‍ ദേവികയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൊണ്ടാണ് നടപടിയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയിലെ ഉന്നതര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്ന ആരോപണമാണ് പരോക്ഷമായി പീതാംബരന്‍റെ കുടുംബം ഉയര്‍ത്തുന്നത്.  കൊല്ലാന്‍ പറഞ്ഞതും പാര്‍ട്ടി കൊല നടത്തിയപ്പോള്‍ ഒളിപ്പിച്ചതും പാര്‍ട്ടി, ഒടുവില്‍ പിടിച്ചുനില്‍ക്കാന്‍ ഗത്യന്തരമില്ലാതെ വന്നപ്പോള്‍ പോലീസിന് പിടിച്ചുകൊടുത്തതും പാര്‍ട്ടി തന്നെ എന്നാണ് പീതാംബരന്‍റെ ഭാര്യയും മകള്‍ ദേവികയും മാധ്യമങ്ങളോട് തുറന്നടിച്ചത്.

Comments (0)
Add Comment