ആരോപണം ഉന്നയിക്കുന്നവരുടെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന നടപടി ഹീനം : കൊടിക്കുന്നില്‍ സുരേഷ് എം.പി

Jaihind Webdesk
Friday, October 18, 2019

Kodikkunnil-suresh-MP

സര്‍വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തിക്കൊണ്ടുവന്ന ആരോപണത്തില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെ വ്യക്തിഹത്യ ചെയ്യുന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ നടപടി ഹീനമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ്  കൊടിക്കുന്നില്‍ സുരേഷ്.

നിയമവിരുദ്ധമായി മാര്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ അനുദിനം പുറത്ത് വരുമ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മന്ത്രി പ്രതിപക്ഷ നേതാവിനെതിരെ ഉയര്‍ത്തുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പദവിക്ക് യോജിക്കാത്ത നടപടികളാണിത്.

സിവില്‍ പരീക്ഷയുടെ നടത്തിപ്പ് അറിയാത്ത മന്ത്രി ജലീല്‍ വെറുതെ മണ്ടത്തരങ്ങള്‍ വിളിച്ച് പറയുകയാണ്. കഠിനാധ്വാനം കൊണ്ടാണ് പ്രതിപക്ഷ നേതാവിന്‍റെ മകന്‍ സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. സര്‍വകലാശാല മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഇടപെടലുകളെ തെളിവു സഹിതം പിടികൂടിയതിന്‍റെ ജാള്യത മറയ്ക്കാനാണ് ഇങ്ങനെ ഓരോ വഷളത്തം മന്ത്രി പറയുന്നത്.

പ്രൈവറ്റ് സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തില്ലെന്നാണ് മന്ത്രി ആദ്യം വിശദീകരിച്ചത്. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്ന് എം.ജി സര്‍വകലാശാല സമ്മതിക്കുന്ന വിവരാവകാശരേഖ പുറത്ത് വന്നപ്പോഴാണ് മന്ത്രിയുടെ കള്ളക്കളി പുറംലോകം അറിഞ്ഞത്. പരീക്ഷാഫലം പുറത്ത് വന്നാല്‍ മാര്‍ക്ക് സംബന്ധമായ കാര്യങ്ങളില്‍ ഇടപെടാന്‍ സിന്‍ഡിക്കേറ്റിന് പോലും അധികാരമില്ല. സര്‍വകാലാശാല തീരുമാനങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്ക് എന്താണ് അവകാശം. മോഡറേഷന്‍ എന്ന പേരില്‍ ഇത്തരമൊരു തീരുമാനം എടുത്തത് എങ്ങനെയാണെന്ന് മന്ത്രി പൊതുജനത്തിന് മുന്നില്‍ വിശദീകരിക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു.