കൊടകര കുഴല്‍പണ കേസില്‍ അട്ടിമറി : ബിജെപി പ്രവർത്തകരെ ഒഴിവാക്കി പൊലീസിന്‍റെ പ്രതിപ്പട്ടിക ; സർക്കാർ-ബിജെപി ഒത്തുകളി

തൃശ്ശൂർ : കൊടകര കുഴല്‍പ്പണക്കേസില്‍ അട്ടിമറി. കോടികള്‍ ഒഴുകിയ കുഴല്‍പണ കേസിനെ കവർച്ചാ കേസ് മാത്രമാക്കി ചുരുക്കാനാണ് പൊലീസിന്‍റെ തീരുമാനം . ബിജെപി നേതാക്കളാരും പ്രതികളാകില്ല. കെ സുരേന്ദ്രൻ ഉൾപ്പടെയുള്ള നേതാക്കളെ സാക്ഷികളാക്കണോ എന്ന കാര്യം പിന്നീട് ആലോചിക്കും. കേസിൽ കുറ്റപത്രം ജൂലൈ 24-ന് സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഇരിഞ്ഞാലക്കുട കോടതിക്ക് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിക്കുക. കേസിൽ ആകെ 22 പ്രതികളാണുള്ളത്.

കുറ്റപത്രത്തിൽ ബിജെപി നേതാക്കളുടെ മൊഴികൾ ഉൾപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് 19 ബിജെപി നേതാക്കളെയാണ് ചോദ്യം ചെയ്തത്. ഇവരിൽ ഒരാൾ പോലും പ്രതിയാകില്ല . കവർച്ചാ പണം മുഴുവൻ കണ്ടെടുക്കുക ദുഷ്കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. ഈ പണത്തിന്‍റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബിജെപി നേതാക്കളിൽ നിന്ന് കിട്ടിയിട്ടില്ല. അതിനാൽ ഇത് ഒരു കവർച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

കുറ്റപത്രത്തിൽ പ്രധാനമായും ആവശ്യമുന്നയിക്കുക, കേസ് ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നായിരിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (Prevention of Money Laundering Act) ഒരു കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നാകും സംസ്ഥാന പൊലീസ് കോടതിയിൽ ആവശ്യപ്പെടുക.

 

 

 

Comments (0)
Add Comment