ജർമ്മനിയില്‍ ആഘോഷപരിപാടിക്കിടെ കത്തിക്കുത്ത്; മൂന്നുപേർ കൊല്ലപ്പെട്ടു, അക്രമിക്കായി തിരച്ചില്‍

Jaihind Webdesk
Saturday, August 24, 2024

 

ബർലിൻ: ജര്‍മ്മന്‍ നഗരമായ സോലിങ്കനില്‍ ഉണ്ടായ കത്തിക്കുത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. നഗര വാര്‍ഷികാഘോഷത്തിനിടെയാണ് ആക്രണമുണ്ടായത്. ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റു.  സോലിങ്കന്‍ നഗരത്തിന്‍റെ 650-ാമത് വാര്‍ഷികാഘോഷത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട അക്രമിക്കായി തിരച്ചില്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. അക്രമി ഒറ്റയ്ക്കായിരുന്നെന്നും നഗരത്തിലെത്തി ആളുകളെ ആക്രമിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. അതേസമയം ഭീകരാക്രമണമാണോ എന്നതിന് ഇതുവരെ തെളിവുകളില്ല. സംഭവ സ്ഥലത്ത് പോലീസ് പട്രോളിംഗ് തുടരുകയാണ്.

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന നഗര വാർഷികാഘോഷ ചടങ്ങുകൾ വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. സംഗീത പരിപാടി നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആഘോഷ പരിപാടിക്കിടെ ഇത്തരമൊരു സംഭവം നടന്നതില്‍ അതിയായ ദുഃഖമുണ്ടെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും സോലിങ്കന്‍ മേയർ ടിം കുർസ്‌ബാക്ക് പറഞ്ഞു.