ഭീഷണിപ്പെടുത്തി സ്ത്രീകളെ വീട്ടിലിരുത്താമെന്ന് കരുതുന്നത് വ്യാമോഹം ; സിപിഎമ്മിനെതിരെ കെ.കെ രമ, കുറിപ്പ്

Jaihind Webdesk
Monday, June 14, 2021

കോഴിക്കോട് : രമ്യ ഹരിദാസ് എം.പിക്കു നേരെ സിപിഎം വധഭീഷണിയില്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണമെന്ന് കെ.കെ രമ എംഎല്‍എ. രമ്യ  അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണെന്നും അവർ ഫേസ്ബുക്കില്‍ കുറിച്ചു. രമ്യ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ പേരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും കെ.കെ രമ ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ആലത്തൂർ മണ്ഡലത്തിലെ എം.പി.യായ രമ്യ ഹരിദാസിനു നേരെ സി.പി.എം. നേതാക്കളും പ്രവർത്തകരും നടത്തിയ കൊലവിളിക്കും ഭീഷണിക്കുമെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളുടെയും പ്രതിഷേധമുയരണം.
ഒരു പാർലമെന്റംഗത്തിന് നേരെ കാൽ വെട്ടിക്കളയുമെന്നൊക്കെ ഭീഷണി മുഴക്കാൻ ധൈര്യമുള്ള ഇത്തരം മനുഷ്യർ തങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും പല കാര്യങ്ങൾക്ക് അടുത്തെത്തുകയും ചെയ്യുന്ന സ്ത്രീകളോട് എന്തുതരം സമീപനമാണ് കൈക്കൊള്ളുക എന്ന കാര്യത്തിൽ വലിയ ആശങ്കയുണ്ട്.

രമ്യ ഹരിദാസ് അടക്കമുള്ള പൊതുപ്രവർത്തന രംഗത്തെ സ്ത്രീകളെ ഇത്തരം ഭീഷണികൾ കൊണ്ട് വീട്ടിലിരുത്തിക്കളയാമെന്ന് കരുതുന്നത് വ്യാമോഹമാണ്. രമ്യക്കുണ്ടായ അനുഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. രമ്യാ ഹരിദാസിനെ ഭീഷണിപ്പെടുത്തിയ മുഴുവൻ ആളുകളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണമെന്നും അധികൃതരോട് ആവശ്യപ്പെടുന്നു.