സർക്കാർ വാഹനങ്ങള്‍ കിഫ്ബി ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യുന്നു : സിഎജി

Jaihind Webdesk
Thursday, November 18, 2021

കിഫ്ബിയിലെ  ചില ഉദ്യോഗസ്ഥർ സ്വകാര്യ ആവശ്യങ്ങൾക്കും ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതായി സിഎജിയുടെ  കണ്ടെത്തൽ. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംസ്ഥാന സർക്കാർ ആവർത്തിച്ചു പറയുന്നതിനിടെയാണ് കിഫ്ബിയിലെ ഉദ്യോഗസ്ഥർ വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞാണ് സിഎജിയുടെ വിമർശനം. സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ടിൻ്റെ പൂർണ്ണരൂപം ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സർക്കാർ ഉദ്യോഗസ്ഥരിൽ സെക്രട്ടറിമാർക്കും വകുപ്പു തലവൻമാർക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും മാത്രമേ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യങ്ങൾക്ക് നൽകാവൂ എന്നു ചട്ടമുണ്ടായിരിക്കെ കിഫ്ബിയിലെ പല ഉദ്യോഗസ്ഥരും വീട്ടിൽ നിന്ന് ഓഫിസിലെത്താനും തിരികെപ്പോകാനും ഔദ്യോഗിക കാർ ഉപയോഗിക്കുകയാണെന് സിഎജിയുടെ കണ്ടെത്തി . വാഹനത്തിന്റെ ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ കിഫ്ബിയിലെ 8 വാഹനങ്ങളും കൂടുതൽ സമയവും ഉപയോഗിക്കുന്നത് ഉദ്യോഗസ്ഥരുടെ സ്വകാര്യ ആവശ്യങ്ങൾക്കാണെന്ന് വ്യക്തമായി.

ഈ സ്വകാര്യ യാത്രകൾ ഒഴിവാക്കിയിരുന്നെങ്കിൽ കിഫ്ബിക്ക് 3 വാഹനങ്ങൾ വേണ്ടെന്നു വയ്ക്കാമായിരുന്നു. കിഫ്ബി ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ്, ചീഫ് പ്രൊജക്ട് എക്സാമിനർ വിജയദാസ് , അഡീഷണൽ സെക്രട്ടറിമാരായ ജോർജ് തോമസ്, ഷൈല എന്നിവരെ ഓഫിസിൽ നിന്ന് വിട്ടിലേക്കും തിരികെ ഓഫിസിലേക്കും കിഫ്ബി വാഹനങ്ങളിൽ കൊണ്ടുപോകുന്നത് ചട്ടപ്രകാരമല്ലെന്നാണ് സി.എ.ജി യുടെ കണ്ടെത്തൽ . ഉയർന്ന ശമ്പളം വാങ്ങിക്കുന്ന ഉദ്യോഗസ്ഥരാണ് ചട്ടം തെറ്റിച്ച് വാഹനം ദുരുപയോഗം ചെയ്യുന്നതെന്ന് സിഎജി കണ്ടെത്തി.ജോയിന്റ് ഫണ്ട് മാനേജരായ ആനി ജൂല കിഫ് ബി വാഹനം സ്വകാര്യ യാത്രകൾക്ക് ഉപയോഗിച്ചതിന് ചെലവായ തുക തിരിച്ചടച്ചിട്ടുണ്ടെന്ന് കിഫ്ബിയുടെ വിശദീകരണം.

കിഫ്ബിയിലെ ജോലിഭാരം കൂടുതലായതിനാൽ ഉദ്യോഗസ്ഥർ പലരും നേരത്തെയാണ് ഓഫിസിൽ വരുന്നതെന്നും താമസിച്ചാണ് ഓഫിസിൽ നിന്നും പോകുന്നതെന്നും അതിനാലാണ് വാഹനങ്ങൾ ഉപയോഗിക്കുന്നതെന്നുമുള്ള കിഫ് ബിയുടെ വാദം സി എ ജി തള്ളി. വാഹനങ്ങളുടെ ലോഗ് ബുക്ക് പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ ഓഫിസിൽ വരുന്നത് രാവിലെ 9 നും 10 നും ഇടയിലാണന്നും പോകുന്നത് വൈകുന്നേരം 5 നും 6 നും ഇടയിലാണന്നും സി.എ ജി കണ്ടെത്തി. വാഹനം ദുരുപയോഗം ചെയ്ത വ്യക്തിയിൽ നിന്ന് അതാത് മാസത്തെ ഇന്ധന ഉപയോഗത്തിന്റെ 50% തുക അവരുട കയ്യിൽ നിന്ന് തിരിച്ചു പിടിക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നുമാണ് സർക്കാർ ചട്ടങ്ങളിൽ ഉള്ളത്.

വാഹന ദുരുപയോഗം നടത്തിയ കിഫ് ബി ഉദ്യോഗസ്ഥർക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. ഒരു ലിറ്റർ പെട്രോളിൽ നിന്നും ഡീസലിൽ നിന്നും 1 രൂപ വീതം കിഫ് ബി ക്ക് പെട്രോളിയം സെസായി ലഭിക്കുന്നുണ്ട്. 2673 കോടി രൂപ ഈ വർഷം ജൂൺ 30 വരെ കിഫ് ബിക്ക് ഈ ഇനത്തിൽ ലഭിച്ചുവെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. നികുതിപ്പണം ഉപയോഗിച്ച് സ്വകാര്യ യാത്രകൾ നടത്തുന്ന കിഫബിയിലെ ഉദ്യോഗസ്ഥർ മൗനാനുവാദം നൽകുകയാണ് സംസ്ഥാന സർക്കാർ.