കെവിന്‍റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി

Jaihind Webdesk
Wednesday, November 7, 2018

കോട്ടയം നട്ടാശേരി സ്വദേശി കെവിൻ പി ജോസഫിന്‍റേത് ദുരിഭിമാനക്കൊല തന്നെയെന്ന് കോടതി. പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. കോട്ടയം ജില്ലാ സെഷൻസ് കോടതി നാലാണ് സാഹചര്യങ്ങൾ പരിശോധിച്ച് ദുരഭിമാനക്കൊലയെന്ന് വിധിച്ചത്.

കെവിൻ കൊലക്കേസ് ദുരഭിമാന കൊലയായി പരിഗണിക്കണമെന്ന ഹർജിയിൽ കഴിഞ്ഞ 22 നാണ് കോട്ടയം ജില്ലാ സെഷൻസ് കോടതി വാദം കേട്ടത്. കേസ് വിധി പറയാൻ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇഷ്ടപ്പെട്ട പെൺകുട്ടിയ വിവാഹം കഴിക്കാനൊരുങ്ങിയതിന്‍റെ പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോയ കെവിൻ, മരണപ്പെട്ട സംഭവം ദുരഭിമാനക്കൊലയെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന്‍റെ വാദം കോടതി ശരിവെക്കുകയും ചെയ്തു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു.

വിചാരണ വേഗത്തിൽ പൂർത്തിയാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹർജി നൽകിയത്. പോലീസും സംഭവം ദുരഭിമാനക്കൊലയെന്ന് വാദിച്ചിരുന്നു. കഴിഞ്ഞ മെയ് 27നാണ്  കോട്ടയം മാന്നാനത്തെ വീട്ടിൽ നിന്നും കെവിനെ അക്രമികൾ തട്ടിക്കൊണ്ടു പോയതും കൊലപ്പെടുത്തിയതും. കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരൻ ഷാനു ചാക്കോ ഒന്നാം പ്രതിയും പിതാവ് ചാക്കോ അഞ്ചാം പ്രതിയുമാണ്.

വധശിക്ഷ ലഭിക്കാവുന്ന നരഹത്യ, തട്ടിയെടുത്ത് വിലപേശൽ, എന്നിവയ്ക്ക് പുറമെ ഗൂഢാലോചന, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളും 14 പ്രതികൾക്കെതിരെയും ചുമത്തിയിട്ടുണ്ട്. 87 ദിവസം കൊണ്ട് പോലീസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു. സർക്കാരിനെ ഏറെ പ്രതിരോധത്തിലാക്കിയ കേസിലാണ് ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയെന്ന് വിലയിരുത്തപ്പെടുന്ന സംഭവം കൂടിയാണിത്.