കെവിന്‍ വധക്കേസ്: 14 പ്രതികളെയും ലോഡ്ജ് ഉടമ തിരിച്ചറിഞ്ഞു; കേസില്‍ വിസ്താരം നാളെയും തുടരും

Jaihind Webdesk
Sunday, April 28, 2019

കെവിൻ കൊലക്കേസിൽ ഒന്നാം പ്രതി ഷാനു ചാക്കോ അടക്കം 14 പ്രതികളെയും ലോഡ്ജ് ഉടമ അനിൽകുമാർ തിരിച്ചറിഞ്ഞു. കേസില്‍ 23-ാം സാക്ഷിയാണ് ഇയാൾ. കേസിലെ മുഖ്യ സാക്ഷി അനീഷിന്‍റെ അയൽവാസിയായ പി.സി ജോസഫിനെയും നാലാം സാക്ഷി ജോൺ ജോസഫിനെയും വിസ്തരിച്ചു. കേസിൽ വിസ്താരം നാളെയും തുടരും.

ഒന്നാം പ്രതി ഷാനു, മറ്റു പ്രതികളായ നിയാസ്, ഇഷാന്‍, റിയാസ്, ഷിബിന്‍, ഫസല്‍, ഷിനു, റമീസ് എന്നിവരെയാണ് കേസില്‍ 23-ാം സാക്ഷിയായ ലോഡ്ജ് മാനേജർ അനില്‍കുമാര്‍ തിരിച്ചറിഞ്ഞത്. കെവിനെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുമ്പ് കോട്ടയം ഗാന്ധിനഗറിൽ എത്തിയ പ്രതികള്‍ കേരള ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്തിരുന്നു. ഈ ലോഡ്ജിന്‍റെ മാനേജരാണ് അനിൽകുമാർ. സുഹൃത്ത് മരിച്ചെന്ന കാരണം പറഞ്ഞ് രാത്രി 1.30 ഓടെ ഇവര്‍ തിരികെ പോയതായും ഇയാൾ മൊഴി നല്‍കി.

കെവിന്‍റെ ഒപ്പമുണ്ടായിരുന്ന അനീഷിന്‍റെ അയല്‍വാസി പി.സി ജോസഫിനെയും കേസിലെ നാലാം സാക്ഷി പത്രവിതരണക്കാരനായ ജോണ്‍ ജോസഫിനെയും വിസ്തരിച്ചു. കെവിനോടൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടുപോയ അനീഷിന്‍റെ വീടിന് സമീപം വാളേന്തിയ ഒരു സംഘത്തെയും കാറും കണ്ടതായി രണ്ടാം സാക്ഷി പി.സി ജോസഫ് കോടതിയെ അറിയിച്ചു. രാത്രി 2.30 നാണ് സംഭവം. ഉടന്‍ തന്നെ അനീഷിന്‍റെ സഹോദരന്‍ സിബിയെ ഫോണില്‍ വിളിച്ച് വിവരമറിയിച്ചതായും ജോസഫ് പറഞ്ഞു. കേസിലെ നാലാം സാക്ഷിയായ പത്രവിതരണക്കാരന്‍ ജോണ്‍ ജോസഫ് വാഹനത്തിന്‍റെയും തെരുവുവിളക്കിന്‍റെയും വെളിച്ചത്തില്‍ അനീഷിന്‍റെ വീടിനടുത്ത് കുറച്ച് ചെറുപ്പക്കാരെ കണ്ടതായും മൊഴി നൽകി. ഇവർ വന്ന കാര്‍ പൊലീസ് പരിശോധിക്കുന്നത് കണ്ടെന്നും ഇയാള്‍ പറഞ്ഞു. കേസിൽ വിസ്താരം നാളെയും തുടരും.