കെവിൻ വധക്കേസ് : ഏഴാം സാക്ഷി പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു

Jaihind Webdesk
Monday, April 29, 2019

കെവിൻ വധക്കേസിൽ ഏഴാം സാക്ഷിയായ ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരൻ ബിജു എബ്രഹാം പന്ത്രണ്ട് പ്രതികളെ തിരിച്ചറിഞ്ഞു. മെയ് 27ന് പ്രതികൾ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയതായാണ് മൊഴി. വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്‍റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി.

ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവർ മേയ് 27 ന് പുലർച്ചെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയതായാണ് ജീവനക്കാരൻ ബിജു മൊഴി നൽകിയത്. തട്ടുകടയിൽ ഇതിനിടെ പ്രതികളുമായി തർക്കമുണ്ടായെന്നും, ഒന്നാം പ്രതി ഷാനു ചാക്കോയാണ് പണം നൽകിയതെന്നും ബിജു പറഞ്ഞു. കെവിനുമായുള്ള വിവാഹ ശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരൻ ബെന്നി ജോസഫും കോടതിയിൽ മൊഴി നൽകി. കെവിനും മുഖ്യ സാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലിൽ എത്തിച്ചതെന്നും ഒരു വർഷം താമസ സൗകര്യം വേണമെന്നാണ് പറഞ്ഞതെന്നും ആറാം സാക്ഷിയായ ബെന്നി വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ എത്തിയെന്നും ബെന്നി പറഞ്ഞു. നീനുവിനെ കൈമാറിയാൽ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികൾ പറഞ്ഞതായും സന്തോഷ് ബെന്നിയെ അറിയിച്ചിരുന്നു. എന്നാൽ കെവിനോ അനീഷോ നേരിട്ട് എത്താതെ നീനുവിനെ പുറത്തു വിടില്ലെന്ന് പറഞ്ഞതായാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗർ പോലീസ് പിന്നീട് നീനുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതായും ആറാം സാക്ഷി വ്യക്തമാക്കി.