കേരളം യുദ്ധക്കളമായി മാറി: പൂര്‍ണ ഉത്തരവാദിത്വം ബി.ജെ.പിക്കും സി.പി.എമ്മിനും – മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Saturday, January 5, 2019

Mullappally-Ramachandran

ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടക്കുന്ന അക്രമങ്ങളുടെ ഉത്തരവാദിത്തം സിപിഎമ്മിനും ബിജെപിക്കുമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

ജനങ്ങള്‍ക്ക് സ്വര്യമായി ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. വ്യാപാരികള്‍ക്ക് സ്ഥാപങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം. വിദ്യാര്‍ഥികള്‍ക്ക് കോളജിലും സ്‌കുളിലും പോകാന്‍ കഴിയാത്ത അവസ്ഥയാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംസ്ഥാന ആഭ്യന്തര വകുപ്പ് പൂര്‍ണ്ണമായും പരാജയപ്പെട്ടു. സംസ്ഥാന പൊലീസ് മേധാവി ജില്ലാ പൊലീസ് മേധാവികളെ ശാസിച്ച സംഭവം ഇതിന് തെളിവാണ്. കേരളത്തിനെ യുദ്ധ ഭൂമിയാക്കാനുള്ള ആഹ്വാനമാണ് മുഖ്യമന്ത്രി നടത്തുന്നത്. മുഖ്യമന്ത്രി കിളിമാനൂരില്‍ നടത്തിയതു പോലെയുള്ള പ്രസംഗങ്ങള്‍ അക്രമം ആളിക്കത്തിക്കാനെ ഉപകരിക്കൂ. എരിതീയില്‍ എണ്ണ ഒഴിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

ആര്‍.എസ്.എസ് സി.പി.എം അക്രമത്തില്‍ ഉത്തരകേരളം വീണ്ടും കലാപഭൂമിയായി മാറി. കണ്ണൂരില്‍ വീണ്ടും ആയുധ നിര്‍മ്മാണം പൂര്‍വാധികം ശക്തിയായി നടക്കുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം നാടായ കണ്ണൂരില്‍ സമാധാനം ഉറപ്പുവരുത്തിയില്ലെങ്കില്‍ സമാധാനത്തെ പറ്റി പറയാനുള്ള മൗലീക അവകാശം മുഖ്യമന്ത്രിക്ക് നഷ്ടപ്പെടും. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെന്ന നിലയിലല്ലാതെ പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയായി മുഖ്യമന്ത്രി പെരുമാറരുത്. നവോത്ഥാനത്തെ കുറിച്ച് പറയുന്ന മുഖ്യന്‍ അക്രമത്തിന് നേതൃത്വം നല്‍കുന്നു

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനമോടിച്ച് പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ല കുറ്റം ചുമത്തി കേസെടുത്തത് തികച്ചും ഫാസിസ്റ്റ് നടപടിയാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇത് നടന്നത്. ഹൃദയമുള്ള മുഖ്യമന്ത്രി അങ്ങനൊരു ഉത്തരവിറക്കില്ല. കോട്ടയത്ത് സമാധാനപരമായി ജാഥ നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമം ന്യായീകരിക്കാനാവില്ലെന്നംു അദ്ദേഹം പറഞ്ഞു.
പേരാമ്പ്രയില്‍ 144 പ്രഖ്യാപിക്കാന്‍ സാഹചര്യമുണ്ടാക്കിയത് സിപിഎമ്മാണ്. ഒറ്റപ്പാലത്ത് സിപി.എം പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച സംഭവം അപലപനീയമെന്നും അദ്ദേഹം പറഞ്ഞു.

വനിതാമതിലില്‍ നായര്‍ സ്ത്രീകള്‍ പങ്കെടുക്കുമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഒരു ഇടത്പക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് വരാന്‍ പാടില്ലായിരുന്നു. സാമുദായിക ചുവയുള്ള പ്രസ്താവനയാണ് കഴിഞ്ഞ ദിവസം കോടിയേരി നടത്തിയത്. സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയുണ്ട്. അതിനു തെളിവാണ് വെള്ളിയായഴ്ച്ച ലോക്‌സഭയില്‍ നടന്ന റഫാല്‍ ചര്‍ച്ച. ചര്‍ച്ചയ്ക്കായി സിപിഎമ്മിന്റെ ഒരു അംഗം പോലും ലോക്‌സഭയില്‍ എത്തിയിട്ടില്ല. നാലര വര്‍ഷമായി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്. സിപിഎം അഖിലേന്ത്യാ നേതൃത്വം ഇതിന് വിശദീകരണം നല്‍കണം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ദേശീയ തലത്തില്‍ ബിജെപി-സിപിഎം സഹകരണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ജനുവരി ഏഴിനു ബ്ലോക്ക് ആസ്ഥാനങ്ങളില്‍ സമാധാന സന്ദേശ സംഗമം

ന്യൂഡല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി ബി.ജെ.പി സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനുവരി ഏഴിന് ബ്ലോക്ക് ആസ്ഥാനങ്ങളില്‍ സമാധാന സന്ദേശ സംഗമം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു