ശബരിമലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് പോലീസ്; സന്നിധാനത്ത് തങ്ങാവുന്ന പരമാവധി സമയം 24 മണിക്കൂര്‍

Jaihind Webdesk
Wednesday, October 24, 2018

ശബരിമലയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങി പോലീസ്. പ്രതിഷേധക്കാരുടെ കടന്നുകയറ്റം നിയന്ത്രിക്കാനാണ് പോലീസിന്‍റെ പുതിയ നീക്കം.  സന്നിധാനത്ത് ഒരു ദിവസത്തില്‍ കൂടുതല്‍ ആരെയും വിരിവെക്കാന്‍ അനുവദിക്കേണ്ടെന്നാണ് തീരുമാനം. സന്നിധാനത്ത് ഭക്തര്‍ക്ക് അനുവദിച്ചിരിക്കുന്ന പരമാവധി സമയം 24 മണിക്കൂറാക്കാനാണ് പോലീസ് ആലോചിക്കുന്നത്. ഒരു ദിവസത്തില്‍ കൂടുതല്‍ സമയം മുറികളും നല്‍കില്ല. ദേവസ്വം ബോര്‍ഡുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളും.

സന്നിധാനത്ത് എത്തുന്ന തീർഥാടകർ തിരിച്ചിറങ്ങിയ ശേഷം മാത്രമേ അടുത്ത സംഘം തീർഥാടകരെ സന്നിധാനത്തേക്ക് കടത്തി വിടൂ. ശബരിമലയിൽ എത്തുന്ന താൽക്കാലിക ജീവനകാർക്ക് തിരിച്ചറിയൽ കാർഡ് കർശനമാക്കാനും തീരുമാനമായി.

ഭക്തര്‍ക്ക് നിലവില്‍ പമ്പ മുതലുള്ള നിയന്ത്രണം നിലയ്ക്കല്‍ മുതല്‍ ഏര്‍പ്പെടുത്തുന്നതിനും ആലോചനയുണ്ട്. ശബരിമലയില്‍ പ്രതിഷേധിച്ചവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും പ്രത്യേക സംഘത്തെ രൂപീകരിക്കും. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിൽ തുടർ നടപടി ഉണ്ടാകും. സോഷ്യൽ മീഡിയ വഴി തെറ്റായ പ്രചരണം നടത്തിയവർക്കെതിരെയും നടപടി ഉണ്ടാകും. ശബരിമലയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുന്നൂറോളം പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഡി.ജി.പിയുടെ നേതൃത്വത്തില്‍ പോലീസ് ആസ്ഥാനത്ത് ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഇക്കാര്യങ്ങള്‍ സംബന്ധിച്ച് തീരുമാനമായത്. യോഗത്തിന് മുൻപ് മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റ കൂടികാഴ്ച നടത്തി.

യോഗത്തിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഐ.ജി മനോജ് ഏബ്രഹാം, ഐ.ജി ശ്രീജിത്ത്, സൌത്ത് സോണ്‍ എ.ഡി.ജി.പി അനിൽ കാന്ത്, ഇന്‍റലിജൻസ് എ.ഡി.ജി.പി വിനോദ് കുമാർ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ എസ്.പി മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമലയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഒക്ടോബര്‍ 29ന് വീണ്ടും യോഗം ചേരും.

ഒക്ടോബര്‍ 31ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യന്‍ മന്ത്രിമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തരുടെ സുരക്ഷ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.