പി.എസ്.സിയുടെ വിശ്വാസ്യത പിണറായി സര്‍ക്കാര്‍ തകര്‍ത്തു, നിയമനമേള നികൃഷ്ടമായ നടപടി: മുല്ലപ്പള്ളി

Jaihind Webdesk
Sunday, September 29, 2019

പിഎസ് സി പരീക്ഷകള്‍ മലയാളത്തില്‍ നടത്തുമെന്ന ഉറപ്പുപാലിക്കാതെ പിണറായി സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഐക്യമലയാള പ്രസ്ഥാനത്തിനും എംടി വാസുദേവന്‍ നായര്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, സുഗതകുമാരി ടീച്ചര്‍ തുടങ്ങിയ സാംസ്‌കാരിക നായകര്‍ക്കും മുഖ്യമന്ത്രി നല്കിയത് കുറുപ്പിന്റെ ഉറപ്പുപോലെയായി. ഇതു മലയാള ഭാഷയോടു കാട്ടുന്ന കൊടിയ വഞ്ചനയാണ്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷ മലയാളത്തിലാക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെ ഉത്തരവ് ഇറങ്ങിയിട്ടില്ല. ഇതു ഉദ്യോഗാര്‍ത്ഥികളെ കൊഞ്ഞനം കാട്ടുന്നതിനു സമാനമാണ്.

പിഎസ് സി റാങ്ക് ലിസ്റ്റിലുള്ളവരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ നിയമനമേള നടത്തുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പിഎസ് സി സംവിധാനത്തെ തകര്‍ക്കുന്ന നടപടിയാണിത്. പിഎസ് സി പരീക്ഷയില്‍ വന്‍തോതില്‍ കൃത്രിമത്വം നടത്തി അതിന്റെ വിശ്വാസ്യത തന്നെ പിണറായി സര്‍ക്കാര്‍ തകര്‍ത്തു. അതോടൊപ്പമാണ് തെരഞ്ഞെടുപ്പു മുന്നില്‍ കണ്ട് നിയമനമേള നടത്തുന്നത്. നാടുവാഴി സമ്പ്രാദായത്തെ അനുസ്മരിപ്പിക്കുന്ന രീതിയില്‍, പിണറായി സര്‍ക്കാരിന്റെ സൗജന്യമെന്ന മട്ടിലാണ് ഉദ്യോഗാര്‍ത്ഥികളോടു പെരുമാറുന്നത്. ഇത് അവരെ ഇടതുപക്ഷത്തേക്ക് ആകര്‍ഷിക്കാനുള്ള നികൃഷ്ടമായ കുറക്കുവഴിയാണ്. കൂരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയതുപോലെയാണ് ഇപ്പോള്‍ പിഎസ് സിയുടെ അവസ്ഥയെന്നും മുല്ലപ്പള്ളി പറഞ്ഞു.

മലയാള ഭാഷയെ എല്ലാതലത്തിലും പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും സാംസ്‌കാരിക നായകര്‍ക്കു നല്കിയ ഉറപ്പ് അടിയന്തരമായി പാലിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.