സര്‍ക്കാര്‍ ജീവനക്കാരെ പറഞ്ഞുപ്പറ്റിച്ച് സര്‍ക്കാര്‍; ശമ്പള പരിഷ്‌കരണ കുടിശികയില്‍ കൈമലര്‍ത്തി ധനവകുപ്പ്

Jaihind Webdesk
Saturday, November 11, 2023


സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കക്കള്ളിയില്ലാതായതോട ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ആനുകൂല്യങ്ങള്‍ക്ക് മുന്നിലും കൈമലര്‍ത്തി സംസ്ഥാന സര്‍ക്കാര്‍. ശമ്പള പരിഷ്‌കരണത്തിന്റെ ആദ്യ ഗഡു പിഎഫില്‍ ലയിപ്പിക്കുന്നതിനുള്ള ഉത്തരവ് മരവിപ്പിച്ച് മാസങ്ങളായി. ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ച നാല് ശതമാനം കൂടി ചേര്‍ത്താല്‍ ഡിഎ കുടിശിക മാത്രം 22% വരും. എല്ലാറ്റിനും പുറമെ ഡിസംബറില്‍ ശമ്പളം കൊടുക്കാനുള്ള പണം കണ്ടെത്താന്‍ ധനവകുപ്പ് ഇപ്പോള്‍ തന്നെ നെട്ടോട്ടത്തിലാണ്.നിലയില്ലാക്കയത്തില്‍ നിന്ന് അന്നന്നത്തെ നിലനില്‍പ്പിനുള്ള സമരത്തിലാണ് സംസ്ഥാന ധനവകുപ്പ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ശമ്പളം പെന്‍ഷന്‍ ചെലവിനത്തില്‍ കേരളത്തിന്റെ നീക്കിയിരുപ്പ് 68,282 കോടി രൂപയാണ്. സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 39 ശതമാനം വരുമിത്. അതായത് 100 രൂപ ചെലവാക്കുമ്പോള്‍ 40 രൂപയും പോകുന്നത് ശമ്പളം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കാണ്. കടമെടുപ്പ് പരിധിയില്‍ ബാക്കി വെറും 52 കോടിയാണ്. ഓണക്കാലത്തെ ചെലവ് തീര്‍ത്ത ശേഷം കിട്ടാവുന്നിടത്തു നിന്നെല്ലാം പണം ഊറ്റിയാണ് ചെലവുകള്‍ നടത്തുന്നത്. ഡിസംബറിലെ ശമ്പളത്തിന് എന്ത് എന്തെടുക്കുമെന്ന് ചോദിച്ചാല്‍ കൊടുത്തല്ലേ പറ്റു എന്ന ഒഴുക്കന്‍ മറുപടി മാത്രമാണ് ഇപ്പോള്‍ ബാക്കി.

2019 ജൂലൈ മുതലാണ് ശമ്പള പരിഷ്‌കരണം നടപ്പാക്കിയത്. 2021 ഫെബ്രുവരി 28 വരെയുള്ള കുടിശ്ശിക നാല് ഗഡുക്കളായി പിഎഫില്‍ ലയിപ്പിക്കുമെന്നായിരുന്നു ഉറപ്പ്. 2023 ഏപ്രിലില്‍ നല്‍കേണ്ട ആദ്യ ഗഡു സാമ്പത്തിക പ്രതിസന്ധി കാരണം പറഞ്ഞ് ഉത്തരവിറക്കി നീട്ടി, ഒക്ടോബര്‍ ഒന്നിന് കിട്ടേണ്ട രണ്ടാം ഗഡുവിന്റെ കാര്യത്തിലും മിണ്ടാട്ടമില്ല. സംസ്ഥാന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും കിട്ടേണ്ട ഡിഎയില്‍ 2021 മുതല്‍ കുടിശ്ശികയുണ്ട്. ആറ് തവണ കൂട്ടിയ 18 ശതമാനത്തിനൊപ്പം ഈ അടുത്ത മാസങ്ങിലെ നാല് ശതമാനം കൂടി ചേര്‍ത്താല്‍ ആകെ 22,% ഡിഎ വര്‍ദ്ധനവാണ് പണമില്ലാ പ്രതിസന്ധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ കടം പറഞ്ഞ് നിര്‍ത്തിയിട്ടുള്ളത്. ശമ്പളവും പെന്‍ഷനും പോലും മുടങ്ങിപ്പോകുമോ എന്ന ആശങ്കയിലൂടെ സംസ്ഥാന സര്‍ക്കാര്‍ കടന്ന് പോകുമ്പോള്‍ കിട്ടാനുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും വലിയ ആശങ്കയാണ്.