തുടങ്ങും മുമ്പേ നഷ്ടത്തില്‍ കേരളബാങ്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാരിന് 1200 കോടിയുടെ അധിക ബാധ്യത | Video Story

Jaihind News Bureau
Friday, February 21, 2020

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ സംസ്ഥാന സർക്കാരിന് തിരിച്ചടിയായി കേരള ബാങ്കിന്‍റെ നഷ്ടവും. റിസർവ് ബാങ്കിന്‍റെ അന്തിമാനുമതി ലഭിക്കണമെങ്കിൽ 1,200 കോടിയോളം രൂപ കേരള ബാങ്കിന് ദാനം ചെയ്യേണ്ട അവസ്ഥയിലാണ് സർക്കാർ. നബാർഡ് മാനദണ്ഡം അനുസരിച്ച് നടത്തിയ പരിശോധനയിൽ കേരള ബാങ്കിന്‍റെ മൊത്തം നഷ്ടം 1253.11 കോടി രൂപയാണെന്ന് കണ്ടെത്തി. ഈ റിപ്പോർട്ട് കേരള ബാങ്ക് അധികൃതർ നബാർഡിന് കൈമാറി.

നബാർഡിന്‍റെ നിർദ്ദേശ പ്രകാരം 2019 നവംബർ 29 ന് കേരള ബാങ്ക് തയാറാക്കിയ ബാലൻസ് ഷീറ്റ് അനുസരിച്ച് തുടങ്ങും മുമ്പുതന്നെ കേരള ബാങ്ക് 1253 കോടി രൂപയുടെ നഷ്ടത്തിലാണെന്ന് വ്യക്തമായി. ഈ സാഹചര്യത്തിൽ കേരള ബാങ്കിന് റിസർവ് ബാങ്കിന്‍റെ അന്തിമ അനുമതി ലഭിക്കണമെങ്കിൽ സർക്കാർ വൻതോതിൽ ഫണ്ട് നൽകേണ്ടിവരും. 10,000 കോടി രൂപയാണ് കേരള ബാങ്കിന്‍റെ കിട്ടാക്കടം. ഇത് മാർച്ച് 31 ന് മുമ്പ് 2000 കോടി രൂപയാക്കി കുറയ്ക്കാനാണ് കേരള ബാങ്ക് അധികൃതരുടെ ശ്രമം. കേരള ബാങ്ക് സംബന്ധിച്ച് സർക്കാർ നേരത്തെ റിസർവ് ബാങ്കിന് നൽകിയതെല്ലാം തട്ടിപ്പ് കണക്കുകളാണെന്ന് പുതിയ റിപ്പോർട്ട് വന്നതോടെ വ്യക്തമായി.

ജില്ലാ ബാങ്കുകളെല്ലാം ലാഭത്തിലാണെന്നാണ് സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ട് പ്രകാരം എല്ലാ ജില്ലാ ബാങ്കുകളും നഷ്ടത്തിലാണ്. തിരുവനന്തപുരം ജില്ലാ ബാങ്കിന്‍റെ മാത്രം നഷ്ടം 526 കോടി രൂപയാണ്. വായ്പാ അദാലത്ത് നടത്തിയും, പഴയ വായ്പകൾ വീണ്ടും പുതുക്കി നൽകിയും നഷ്ടം 600 കോടി രൂപയാക്കി കുറക്കാനുള്ള നീക്കത്തിലാണ് സർക്കാർ. ബാക്കി 600 കോടിയിലേറെ രൂപ സർക്കാർ നൽകേണ്ടി വരും. ബാങ്കിന്‍റെ കിട്ടാക്കടവും, നഷ്ടവും കുറക്കണമെന്ന് പ്രാഥമിക അനുമതി നൽകുമ്പോൾ തന്നെ റിസർവ് ബാങ്ക് നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് തന്നെയാണ് സർക്കാർ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നത്. എന്നാൽ സർക്കാർ നൽകിയ ഈ ബാലന്‍സ് ഷീറ്റ് പോരാ എന്നും, നബാർഡിന്‍റെ അതേ മാനദണ്ഡത്തിൽ വീണ്ടും കണക്ക് തയാറാക്കണമെന്നും നബാർഡ് നിർദേശിച്ചതിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് കേരള ബാങ്ക് അധികൃതർ നബാർഡിന് കൈമാറിയത്.

https://www.youtube.com/watch?v=RwZjeRtnrvQ