അമിത് ഷായുടെ അത്രയ്ക്ക് വിഷം രാജവെമ്പാലയ്ക്ക് പോലും ഉണ്ടാകില്ല : കെ.സി വേണുഗോപാല്‍

webdesk
Thursday, April 11, 2019

ബിജെപിക്കെതിരെ ആഞ്ഞടിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. വയനാടിനെ പാകിസ്ഥാനോട് താരതമ്യം ചെയ്ത് അമിത് ഷാ വയനാടിനെ അപമാനിച്ചു. രാജവെമ്പാലയ്ക്ക് പോലും അമിത് ഷായുടെ അത്രയ്ക്ക് വിഷമുണ്ടാകില്ലെന്നും കെ.സി വേണുഗോപാല്‍. വയനാട് പാകിസ്ഥാനിലാണോ അതോ ഇന്ത്യയിലാണോ എന്ന അമിത് ഷായുടെ ചോദ്യമാണ് കെ.സി വേണുഗോപാലിനെ രോക്ഷാകുലനാക്കിയത്.

അമിത് ഷായ്ക്ക് വയനാടിന്‍റെ പാരമ്പര്യം അറിയില്ല. എല്ലാ വിഭാഗം ജനങ്ങളും ഒത്തൊരുമയോടെ ജീവിക്കുന്ന നാടാണ് ഇത്. ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. അവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തന്നെ ചുട്ട മറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്ഥാനില്‍ വിളിക്കാത്തിടത്തു പോയി ചായ കുടിക്കുന്നയാളാണ് മോദി. അദ്ദേഹം കോണ്‍ഗ്രസിനെ രാജ്യസ്നേഹം പഠിപ്പിക്കാനായിട്ടില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.

റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ വാദങ്ങള്‍ സുപ്രീകോടതി തള്ളിയതോടെ മോദി പ്രതിക്കൂട്ടിലായിരിക്കുകയാണ്. കോണ്‍ഗ്രസ് നിലപാട് ശരിവയ്ക്കുന്നതാണ് കോടതി വിധിയെന്നും റഫാലില്‍ അഴിമതി നടന്നിട്ടുണ്ടെന്നത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടാണ് ഇടപാട് നടത്തിയതെന്നത് സുപ്രീംകോടതിയും ശരിവച്ചിരിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.