
എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ നടന്ന സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ട് മൈസൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈസൂരില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് മൈസൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവരുടെ മൊബൈല്‍ നമ്പര്‍ കബളിപ്പിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിര്‍മിച്ചാണ് കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം നടന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഇരിക്കൂര്‍ സ്വദേശിയായ യുവതിയാണ് ഉപയോഗിക്കുന്നത്. ഈ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ‘കുണ്ടറ ബേബി’ എന്ന പേരില്‍ ഒരു വ്യാജ ഫെയ്സ്ബുക്ക് ഐ.ഡി. സൃഷ്ടിക്കുകയും, ഈ ഐ.ഡി. ഉപയോഗിച്ച് കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തെന്നാണ് പരാതി.
താന്‍ ഉപയോഗിക്കുന്ന നമ്പറില്‍ ഒരു വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ച വിവരം യുവതി അറിഞ്ഞിരുന്നില്ല. കെ.സി. വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണത്തില്‍ തന്റെ പേരിലുള്ള നമ്പരുമായി ബന്ധമുള്ള ഫെയ്സ്ബുക്ക് ഐ.ഡിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്.
വ്യാജ ഐ.ഡി. നിയന്ത്രിക്കുന്നവരെ കണ്ടെത്തി ആ പേജ് നീക്കം ചെയ്യണമെന്നും യുവതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത മൈസൂര്‍ പൊലീസ്, മൊബൈല്‍ നമ്പറിന്റെ ഉടമസ്ഥത ദുരുപയോഗം ചെയ്ത് വ്യാജ പ്രൊഫൈല്‍ സൃഷ്ടിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.