കന്യാകുമാരി എം.പി കെ. വസന്തകുമാർ അന്തരിച്ചു

Jaihind News Bureau
Friday, August 28, 2020

തമിഴ്‌നാട് പ്രദേശ് കോണ്ഗ്രസ് വർക്കിങ് പ്രസിഡന്‍റും കന്യാകുമാരിയിൽ നിന്നുള്ള ലോക് സഭ അംഗവുമായ എച്ച് വസന്തകുമാർ അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ആഗസ്റ്റ് 10 നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില അതീവ ഗുരുതരം ആയതിനെ തുടർന്ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

നിലവിൽ തമിഴ്നാട് കോൺഗ്രസ് ഘടകം വർക്കിംഗ് പ്രസിഡന്‍റാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ പൊൻരാധാകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വസന്തകുമാർ കന്യാകുമാരി എം.പിയായത്.

തമിഴ്നാട്ടിലും കർണാടകത്തിലും നിരവധി ബ്രാഞ്ചുകളുള്ള ‘വസന്ത് ആൻഡ് കോ’യുടെ സ്ഥാപകനും വസന്ത് ടിവി എം.ഡിയുമാണ് വസന്തകുമാർ. രണ്ട് തവണ നംഗുന്നേരിയിൽ നിന്ന് തമിഴ്നാട് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് കോൺഗ്രസ് മുൻ പ്രസിഡന്‍റും മുതിർന്ന കോൺഗ്രസ് നേതാവുമായ കുമരിഅനന്തന്‍റെ സഹോദരനും തെലങ്കാന ഗവർണർ തമിഴ്ഇസൈ സൗന്ദരരാജന്‍റെ അമ്മാവനുമാണ് എച്ച് വസന്തകുമാർ.