കണ്ണൂർ : തോട്ടടയിലെ ബോംബേറില്‍ കൊല്ലപ്പെട്ടത് ബോംബെറിഞ്ഞ സംഘത്തിലുള്ള ആൾ. ബോംബെറിഞ്ഞത് സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ സംഘത്തിൽ ഉണ്ടായിരുന്ന ആൾ തന്നെയെന്ന് വിവരം. കൊല്ലപ്പെട്ട ജിഷ്ണു അക്രമി സംഘത്തിൽ ഉണ്ടായിരുന്നു. ആദ്യം എറിഞ്ഞ ബോംബ് പൊട്ടിയില്ല. രണ്ടാമത്തെ ബോംബ് ലക്ഷ്യം തെറ്റി ജിഷ്ണുവിന്‍റെ തലയിൽ പതിക്കുകയായിരുന്നു. ഒരേ വാഹനത്തിലാണ് അക്രമി സംഘം സഞ്ചരിച്ചതെന്നും വ്യക്തമായി.
കണ്ണൂർ ഏച്ചൂർ സ്വദേശിയാണ് കൊല്ലപ്പെട്ട ജിഷ്ണു. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഹേമന്ത്, രജിലേഷ്, അരവിന്ദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടടയിലെ കല്യാണവീടിന്‍റെ സമീപത്താണ് സംഭവമുണ്ടായത്. കല്യാണവീട്ടിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായിരുന്നു. ഇത് പിന്നീട് നാട്ടുകാർ ഇടപെട്ട് പരിഹരിച്ചു. ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തിൽ വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹ പാർട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ജിഷ്ണുവിന്‍റെ തലയോട്ടി ചിതറിത്തെറിച്ചു.
മൃതദേഹം മണിക്കൂറുകളോളം റോഡിൽ കിടന്നു. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കൂടി കണ്ടെടുത്തു. ശനിയാഴ്ച രാത്രിയുണ്ടായ തർക്കത്തിന് പ്രതികാരമായാണ് സംഘം ബോംബുമായി വന്നതെന്നാണ് നിഗമനം. സമീപത്തെ വീടുകളിലെ സിസി സി ടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. സിപിഎമ്മിന്‍റെ സജീവ പ്രവർത്തകനാണ് കൊല്ലപ്പെട്ട ജിഷ്ണു.