വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കണ്ണൂർ വിമാനത്താവളം ഈ വർഷം സജ്ജമാകുമെന്ന് മുഖ്യമന്ത്രി

Jaihind Webdesk
Sunday, September 30, 2018

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 11 അന്താരാഷ്ട്ര വിമാനകമ്പനികൾ സർവീസ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ വിമാനത്താവളം ഈ വർഷം സജ്ജമാകുമെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് നടത്താൻ 11 അന്താരാഷ്ട്ര കമ്പനികളും ആറ് ആഭ്യന്തര കമ്പനികളും സമ്മതം അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവള കമ്പനി ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്പനിയുടെ വാർഷിക പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര വിമാന കമ്പനികളായ എമിറേറ്റ്‌സ്, ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എയർ അറേബ്യ, ഒമാൻ എയർ, ഖത്തർ എയർവെയ്‌സ്, ഗൾഫ് എയർ, സൗദിയ, സിൽക്ക് എയർ, എയർ ഏഷ്യ, മലിൻഡോ എയർ എന്നിവയും ഇന്ത്യൻ കമ്പനികളായ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയർവെയ്‌സ്, ഇൻഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയർ എന്നിവയുമാണ് കണ്ണൂരിൽനിന്ന് സർവീസ് നടത്താൻ സമ്മതം അറിയിച്ചത്.

മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, മാനേജിംഗ് ഡയറക്ടർ വി. തുളസീദാസ്, ഡയറക്ടർ ബോർഡ് അംഗം എം.എ. യൂസഫലി, കമ്പനി സെക്രട്ടറി ജി. ജ്ഞാനേന്ദ്രകുമാർ തുടങ്ങിയവർ സംബന്ധിച്ചു.