കമല്‍നാഥ് മധ്യപ്രദേശിന്‍റെ നാഥനാകുമ്പോള്‍…

Jaihind Webdesk
Thursday, December 13, 2018

Kamalnath

ഒട്ടേറെ രാഷ്ട്രീയ സവിശേഷതകളുടെ ഉടമയാണ് കമല്‍നാഥ് എന്ന 72കാരന്‍. നെഹ്റു കുടുംബത്തിലെ 4 തലമുറകളോടൊപ്പം കോണ്‍ഗ്രസിന്‍റെ സജീവ പ്രവര്‍ത്തന മണ്ഡലത്തില്‍ കമല്‍നാഥ് ഉണ്ടായിരുന്നു. ഇന്ദിരാഗാന്ധിയായിരുന്നു കമല്‍നാഥിനെ കൈപിടിച്ചുയര്‍ത്തി ദേശീയ രാഷ്ട്രീയത്തിലേയ്ക്ക് കൊണ്ടുവന്നത്. പിന്നീട് രാജീവ് ഗാന്ധിയുടെയും വിശ്വസ്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമല്‍നാഥ് സോണിയാഗാന്ധിയ്ക്കൊപ്പം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിന്‍റെ എല്ലാ മേഖലകളിലും നിറഞ്ഞ നില്‍ക്കാന്‍ കമല്‍നാഥിന് സാധിച്ചത് ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വവും എല്ലാവരോടുമായുള്ള സഹകരണ മനോഭാവവുമായിരുന്നു. സംഘടനാ പ്രവര്‍ത്തനത്തിലും അധികാര രാഷ്ട്രീയത്തിലും മികവ് തെളിയിച്ച കമല്‍നാഥ് നിരവധി തവണ കേന്ദ്രമന്ത്രിയുമായി. തന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്തം ഭംഗിയോടും ചിട്ടയോടും ചെയ്തു കൊണ്ട് പ്രധാനമന്ത്രിമാരുടെ ആദരവ് നേടിയെടുക്കാന്‍ കമല്‍നാഥിന് കഴിഞ്ഞു. രാഷ്ട്രീയ എതിരാളികളോട് പോലും സ്നേഹത്തിന്‍റെയും അനുരഞ്ജനത്തിന്‍റെയും പാതയായിരുന്നു കമല്‍നാഥ് തന്‍റെ രാഷ്ട്രീയ വഴിയില്‍ തെരഞ്ഞെടുത്തത്.

മോദിയുടെയും ബിജെപിയുടെയും തരംഗത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തളര്‍ന്നപ്പോള്‍ മധ്യപ്രദേശ് രാഷ്ട്രീയമണ്ണ് കോണ്‍ഗ്രസ് അനുകൂലമായി പാകപ്പെടുത്തിയെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മധ്യപ്രദേശ് പിസിസി അധ്യക്ഷനായി കമല്‍നാഥിനെ നിയോഗിക്കുകയായിരുന്നു. മധ്യപ്രദേശില്‍ ബിജെപിയുടെ താമരവാട്ടത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചതും കമല്‍നാഥ് തന്നെ. ശിഥിലമായ കോണ്‍ഗ്രസിനെ മധ്യപ്രദേശില്‍ രാഹുല്‍ഗാന്ധിയ്ക്കൊപ്പം കൈപിടിച്ചുയര്‍ത്തിക്കൊണ്ട് വന്ന് കോണ്‍ഗ്രസിന് അഭിമാന വിജയം സമ്മാനിച്ചതും കമല്‍നാഥിന്‍റെ സംഘടനാ പാടവത്തിന്‍റെ സവിശേഷതയായിരുന്നു.

കോണ്‍ഗ്രസ് നേതാക്കളായ എ.കെ.ആന്‍റണിയുടെയും വയലാര്‍ രവിയുടെയും സമകാലീനനാണ് കമല്‍നാഥ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന കമല്‍നാഥ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായപ്പോഴും റോഡ് ആന്‍റ് ട്രാന്‍സ്പോര്‍ട്ട് വകുപ്പ് മന്ത്രിയുടെ ചുമതല വഹിക്കുമ്പോഴും ഈ വകുപ്പുകളില്‍ നിന്നുള്ള കേരളത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായം ചെയ്ത കേന്ദ്രമന്ത്രി കൂടിയായിരുന്ന കമല്‍നാഥ്.

മധ്യപ്രദേശിന്‍റെ ഭരണം കമല്‍നാഥില്‍ എത്തുമ്പോള്‍ ഈ നേതാവിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. ഭരണ പരിചയവും രാഷ്ട്രീയ പരിചയവും ആണ് കമല്‍നാഥിലേയ്ക്ക് മധ്യപ്രദേശിന്‍റെ മുഖ്യപദവി വന്ന് ചേര്‍ന്നതിന് അടിസ്ഥാന കാരണവും.