ശബരിമല സന്നിധാനം നിയന്ത്രിച്ചത് ആർ.എസ്.എസ്-ബി.ജെ.പി നേതാക്കളായിരുന്നുവെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍.
മുഖ്യമന്ത്രി പറഞ്ഞ വാക്കുകളെല്ലാം പൊള്ളയാണെന്നും സുധാകരന്‍ കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ശബരിമലയെ രാഷ്ട്രീയ പ്രചാരണത്തിന്‍റെ വേദിയാക്കിയതിലൂടെ വോട്ടില്‍ മാത്രമാണ് ബി.ജെ.പി, ആർ.എസ്.എസ് ലക്ഷ്യമിട്ടതെന്നും വ്യക്തമായി.
ശബരിമല വിഷയത്തിൽ ബി.ജെ.പിക്ക് ആത്മാര്‍ഥതയുണ്ടെങ്കില്‍ നിയമനിർമാണം നടത്താം. എന്ത് കൊണ്ട് നിയമനിർമാണം നടത്തുന്നില്ലെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കണം. ഇരുസർക്കാരുകള്ക്കും വേണമെങ്കിൽ നിയമനിർമാണം നടത്താം.
ഏക സിവിൽ കോഡിലേക്ക് രാഷ്ട്രത്തെ നയിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. യുവതീപ്രവേശനത്തിന് അനുകൂലമായി നിന്നവരായിരുന്നു ബി.ജെ.പിയുടെയും, ആർ.എസ്.എസിന്‍റെയും നേതാക്കൾ. ശബരിമലയിലേക്ക് സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്തവരാണ് ബി.ജെ.പിയുടെ തെലങ്കാന ഘടകം. എന്നാല്‍ ഇപ്പോള്‍ കാണുന്നത് ബി.ജെ.പിയുടെ കാപട്യം നിറഞ്ഞ നിലപാടാണ്.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൊടുത്ത അഫിഡവിറ്റിൽ ലിംഗ അസമത്വം ഉണ്ടെന്നാണ് പറയുന്നത്. ഏറ്റവും കൂടുതല്‍ തീര്‍ഥാടകര്‍ വരുന്ന ശബരിമല ക്ഷേത്രത്തിന്‍റെ തകര്‍ച്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ലക്ഷ്യമിടുന്നത്. ഇത് സി.പി.എമ്മിന്‍റെ രാഷ്ട്രീയ അജണ്ടയാണെന്നും കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.