പാര്‍ട്ടി ഗ്രാമങ്ങളടക്കം യു.ഡി.എഫിന് അനുകൂലമായി ചിന്തിച്ചുതുടങ്ങി : കെ സുധാകരന്‍

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ നാട്ടില്‍ വോട്ട് ചോദിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍.പിണറായി ടൌണിലെ കടകളിലും സ്കൂളിലുമെത്തിയാണ് സുധാകരന്‍ ഇന്ന് വോട്ട് അഭ്യര്‍ത്ഥിച്ചത്. സി.പി.എം ഗ്രാമത്തില്‍ മികച്ച സ്വീകരണമാണ് ലഭിച്ചതെന്നും പാര്‍ട്ടി ഗ്രാമങ്ങളടക്കം യു.ഡി.എഫിന് അനുകൂലമായി ചിന്തിച്ചുതുടങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.

ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലായിരുന്നു കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍റെ ഇന്നത്തെ പര്യടനം. ചിറക്കുനിയിൽ നിന്നാണ് കെ സുധാകരന്‍റെ പര്യടനം ആരംഭിച്ചത്. ദിനേശ് ബീഡി ബ്രാഞ്ചുകൾ ഉൾപ്പടെ സന്ദർശിച്ച് വോട്ടഭ്യർത്ഥിച്ചു.

മണ്ഡലത്തിലെ രണ്ടാമത്തെ പര്യടന കേന്ദ്രമായ പാലയാട് ലീഗല്‍ സ്റ്റഡീസ് സെന്‍ററില്‍ എത്തിയപ്പോള്‍ കെ.എസ്.യു പ്രവർത്തകർ മുദ്രാവാക്യം വിളിയോടെ സ്വീകരിച്ചു. ഇതിനിടെ പാലയാട് ക്യാമ്പസിൽ അധ്യാപികയായ ബിന്ദു അമ്മിണി വിദ്യാർത്ഥികളോട് വോട്ടഭ്യർത്ഥിക്കുന്ന കെ സുധാകരന് മുന്നിൽ ചോദ്യങ്ങളുമായെത്തി. ശബരിമലയില്‍ ദര്‍ശനം നടത്തി വിവാദനായികയായി മാറിയ ബിന്ദു അമ്മിണിയുടെ ചോദ്യങ്ങൾക്ക് കെ സുധാകരൻ നൽകിയ മറുപടി കയ്യടിയോടെയാണ് വിദ്യാർത്ഥികൾ സ്വീകരിച്ചത്. ചര്‍ച്ചകള്‍ സൌഹാര്‍ദപരമായി അവസാനിപ്പിച്ച് മുഖ്യമന്ത്രിയുടെ നാടായ പിണറായിലേക്ക്. കമ്യൂണിസ്റ്റ് ഗ്രാമമായ പിണറായിയിലെ കടകളിലും ആര്‍.സി അമല സ്കൂളിലും വോട്ട് ചോദിച്ച് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കെ സുധാകരൻ മടങ്ങിയത്.

സി പി എമ്മിന്‍റെ ശക്തികേന്ദ്രമായ പിണറായായിലും, ധർമ്മടത്തും കെ.സുധാകരന് ലഭിച്ച സ്വീകാര്യത വോട്ടായി മാറുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു ഡി എഫ്.

K Sudhakaranloksabha pollspinarayi
Comments (0)
Add Comment