പിണറായി ഏറ്റവും പരാജിതനായ മുഖ്യമന്ത്രിയെന്ന് കെ. സുധാകരന്‍; ഇടതുപക്ഷ സർക്കാർ കൊള്ളക്കാരുടെ പ്രസ്ഥാനമായി മാറിയെന്ന് വി.ഡി. സതീശന്‍

Jaihind Webdesk
Friday, November 3, 2023

കോട്ടയം: കേരളം കണ്ടതിൽ ഏറ്റവും പരാജയപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന കോൺഗ്രസ് പ്രവർത്തക കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊള്ളക്കാരുടെ പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ഇപ്പോഴത്തെ ഇടതുപക്ഷ സർക്കാരെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി.

കോൺഗ്രസ് പ്രവർത്തക കൺവൻഷനിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കെടുകാര്യസ്ഥത ചർച്ചയായി. ഒരു ഭാഗത്ത് നിഷ്ക്രിയമായ ബിജെപി സർക്കാരാണെങ്കിൽ മറുഭാഗത്ത് മുടിയനും പണക്കൊതിയനുമായ പിണറായി വിജയനാണ് ഭരിക്കുന്നതെന്ന് കെ. സുധാകരൻ എംപി പറഞ്ഞു. പിണറായി വിജയൻ കേരളം കണ്ടതിൽ ഏറ്റവും വലിയ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്രയേറെ ധൂർത്തടിക്കുന്നതും അഴിമതിപ്പണം വാരിക്കൂട്ടുന്നതുമായ ഒരു മുഖ്യമന്ത്രി ഈ ലോകത്ത് വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കൊള്ളക്കാരുടെയും അഴിമതിക്കാരുടെയും പ്രസ്ഥാനമായി മാറിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാരെന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. കമിഴ്ന്നു വീണാൽ കാല്‍പ്പണം കൊണ്ടുപോകുന്ന ആളുകളാണ് ഈ സർക്കാരിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. പിണറായി വിജയൻ നടത്തിയ അഴിമതികളെല്ലാം ഇഡി കണ്ടില്ലെന്നു നടിക്കുന്നത് കേന്ദ്ര സർക്കാർ നിർദേശപ്രകാരമാണ്. ആർഎസ്എസിനെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാരിന്‍റേത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാരയാണ് ഇതിൽ നിന്ന്  മനസിലാക്കാൻ കഴിയുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ കോൺഗ്രസിനെ സംബന്ധിച്ച് ഒരു മഹായുദ്ധത്തിൽ പങ്കെടുക്കുന്നത് പോലെയാണെന്നും കോൺഗ്രസ് പ്രസ്ഥാനം ഇല്ലെങ്കിൽ ഈ രാജ്യം നിലനിൽക്കില്ലെന്നും പ്രവർത്തകസമിതിയംഗം കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഒരു മാറ്റത്തിന് ശ്രമിക്കുകയാണ്. ആ മാറ്റം സാധ്യമാകുന്നത് വരെ അതിശക്തമായി പ്രയത്നിക്കണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടന്ന ജില്ലാ കോൺഗ്രസ് കൺവൻഷന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. ആന്‍റോ ആന്‍റണി എംപി, കെ.സി. ജോസഫ്, ജോസഫ് വാഴക്കൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.