‘സില്‍വർ ലൈന്‍ അശാസ്ത്രീയം’ : കെ റെയിലിനെ പാർട്ടി ഓഫീസാക്കി : കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, December 18, 2021

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി അശാസ്ത്രീയമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. പദ്ധതിയിൽ പോരായ്മയില്ലെന്ന് ജനങ്ങളെ സർക്കാർ ബോദ്ധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. പാരിസ്ഥിതിക പഠനം നടത്താതെ  വ്യാജ ഡിപിആറിന്‍റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.  വികസനത്തിന് വാശിയല്ല പ്രായോഗിക ബുദ്ധിയാണ് വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജനങ്ങളുടെ ആശങ്ക മാറ്റാനുള്ള ബാധ്യത സർക്കാരിനുണ്ട്.  സിപിഐ – സിപി എമ്മിലുൾപ്പടെയുള്ളവർ പദ്ധതിയെ എതിർക്കുന്നുണ്ട്. വികസനം ജനത്തിന് ആവശ്യമുള്ളതാവണം. മുഖ്യമന്ത്രിയുടെ വികസനം ശാപമാകാൻ പാടില്ല. സിൽവർ ലൈൻ ജനങ്ങൾക്ക് വെള്ളിടിയായി മാറും. പദ്ധതി പുന:പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയോട് വിനീതനായി ആവശ്യപ്പെടുന്നു.’ -കെ സുധാകരൻ പറഞ്ഞു.

കെ റെയിലിനെ പാർട്ടി ഓഫീസാക്കിയെന്നും സുധാകരൻ വിമർശിച്ചു. ജോൺ ബ്രിട്ടാസിന്‍റെ ഭാര്യയാണ് പദ്ധതിയുടെ ജനറൽ മാനേജർ. ആനാവൂർ നാഗപ്പന്‍റെ  ബന്ധുവാണ് കമ്പനി സെക്രട്ടറിയെന്നും അദ്ദേഹം പറഞ്ഞു. കാനത്തിന്‍റെ അഭിപ്രായമല്ല സിപിഐയുടെ അഭിപ്രായമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.